KSDLIVENEWS

Real news for everyone

കർഷകനോട് KSEB-യുടെ കൊടുംക്രൂരത; ലൈനിൽ മുട്ടിയെന്നപേരിൽ 406 കുലവാഴകൾ വെട്ടിനിരത്തി, നഷ്ടം ലക്ഷങ്ങൾ

SHARE THIS ON

കോതമംഗലം : വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ നൂറുകണക്കിന് കുലവാഴകൾ വെട്ടിനിരത്തി കെ.എസ്.ഇ.ബി. വാരപ്പെട്ടിയിൽ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാർ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒൻപത് മാസം പ്രായമായ കുലവാഴകളാണിത്. ദിവസങ്ങൾക്കകം വെട്ടി വിൽക്കാനാവുംവിധം മൂപ്പെത്തുന്ന കുലകളാണ് ഉപയോഗശൂന്യമായതെന്ന് തോമസിന്റെ മകൻ അനീഷ് പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാർ വാഴകൾ വെട്ടിയതെന്ന് അനീഷ് വ്യക്തമാക്കി. രണ്ടര ഏക്കറിൽ 1600 ഏത്തവാഴകളാണുള്ളത്. ഇതിൽ അര ഏക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്.

സംഭവദിവസം ഒരു വാഴയുടെ ഇല ലൈനിൽ മുട്ടി കത്തിനശിച്ചിരുന്നു. ഇതേ തുടർന്നാണ് അധികൃതർ എത്തി വാഴ വെട്ടിയതെന്ന് പറയുന്നു. ഈ ഭാഗത്ത് ടവർ ലൈൻ താഴ്ന്നാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്. രണ്ട് ടവറുകൾക്കിടയിൽ അകലം കൂടുതലായതു മൂലം ലൈനുകളിൽ ഒന്ന് താഴ്ന്നിരിക്കുന്നതാണ് വാഴയിലയിൽ മുട്ടാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.

നൂറുകണക്കിന് ഏത്തവാഴകൾ വെട്ടി നശിപ്പിച്ച നിലയിൽ. ടവർ ലൈനും കാണാം.
തങ്ങളെ അറിയിക്കാതെയാണ് കെ.എസ്.ഇ.ബി. ജീവനക്കാരെത്തി വാഴകൾ വെട്ടി നശിപ്പിച്ചതെന്ന് അനീഷ് പറഞ്ഞു. ലൈനിൽ മുട്ടാൻ സാധ്യതയുള്ള വാഴക്കൈ വെട്ടിനീക്കിയാൽ തീരാവുന്ന പ്രശ്‌നത്തിന് പകരം വാഴ വെട്ടിവീഴ്ത്തി. ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിലും വെട്ടിനീക്കിയതു കാരണം നഷ്ടപരിഹാരം ലഭിക്കില്ലെന്ന് കർഷകൻ കണ്ണീരോടെ പറഞ്ഞു.

ദ്രോഹിച്ചതല്ല, അപകടം ഒഴിവാക്കിയതാണ്

: അപകടം ഒഴിവാക്കാനാണ് വാഴ വെട്ടിയതെന്നും കർഷകനെ ദ്രോഹിക്കാൻ ചെയ്തതല്ലെന്നും മൂലമറ്റം കെ.എസ്.ഇ.ബി. ലൈൻ മെയിന്റൻസ് വിഭാഗം അധികൃതർ പറഞ്ഞു. ഈ തോട്ടത്തിൽ കഴിഞ്ഞ ദിവസവും രണ്ട് മാസം മുൻപും വാഴയില മുട്ടി ലൈനിൽ ഫാൾട്ട് സംഭവിച്ചിരുന്നു. രണ്ട് വാഴയ്ക്ക് തീപിടിച്ച് കത്തിയിരുന്ന വിവരം പരിസരവാസികൾ അറിയിച്ചിരുന്നു. വാഴയിലയ്ക്ക് സാമാന്യത്തിലധികം ഉയരം ഉള്ളതുകൊണ്ട് കാറ്റുള്ളപ്പോൾ അപകടഭീഷണി സാധ്യത മുന്നിൽകണ്ടാണ് വാഴ വെട്ടിയത്- അധികൃതർ മാതൃഭൂമിയോടു പറഞ്ഞു.

കൃഷി നശിപ്പിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരത-കൃഷി മന്ത്രി

തിരുവനന്തപുരം : എറണാകുളം ജില്ലയിലെ വാരപ്പെട്ടി പഞ്ചായത്തിലെ തോമസ് എന്ന കർഷകന്റെ വാഴകൾ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചത് അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കർഷകന്റെ വിയർപ്പിന് വില നൽകാതെ അവന്റെ വിളകളെ വെട്ടിനശിപ്പിച്ചത് തീർത്തും ക്രൂരതയാണ്.

ഹൈടെൻഷർ ലൈനിന് കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്‌നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. ഈ സ്ഥലത്ത് വാഴക്കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേ തന്നെ കെ.എസ്.ഇ.ബി. ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകൾ വിൽക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കർഷകന്റെ അദ്ധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല – അദ്ദേഹം അറിയിച്ചു.

അന്വേഷിക്കാൻ നിർദേശം; ശേഷം നടപടി – വൈദ്യുതി മന്ത്രി

കോതമംഗലം : വാരപ്പെട്ടിയിൽ വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ ട്രാൻസ്മിഷൻ ഡയറക്ടറെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി മാതൃഭൂമിയോടു പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം വേണ്ട നടപടികളെടുക്കും- മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!