KSDLIVENEWS

Real news for everyone

നിപ: ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് ട്രംപിന് കോവിഡിന് നല്‍കിയ മരുന്ന്

SHARE THIS ON

കോഴിക്കോട്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച റെംഡിസിവറും മറ്റൊരു ആന്റി വൈറൽ മരുന്നായ ഫാവിപിരാവിറുമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപവൈറസ് ബാധിതർക്ക് ഉപയോഗിക്കുക.

റിബാവെറിനും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാമെന്ന് പുതിയ ചികിത്സാ പ്രോട്ടോകോളിൽ പറയുന്നുണ്ടെങ്കിലും ആദ്യ രണ്ടുമരുന്നുകൾക്കാണ് മുൻഗണന. ഇവ രണ്ടും മെഡിക്കൽ കോളേജിൽ സ്റ്റോക്കുണ്ട്. അതുകൊണ്ട് 2018-ലേതുപോലെ മരുന്ന് വിദേശത്തുനിന്ന് വരുന്നത് കാത്തിരിക്കേണ്ട. 400 ഡോസ് റെംഡിസിവറാണ് കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിന് ലഭിച്ചത്. അതിൽ കോവിഡ് ചികിത്സയ്ക്ക് കുറച്ച് ഡോസ് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.


സമ്പർക്കപ്പട്ടികയിലുള്ള ഏതാനും പേർക്ക് ഫാവിപിരാവിർ നൽകിയിട്ടുണ്ടെങ്കിലും റെംഡിസിവർ നിപ സ്ഥിരീകരിച്ചതിനുശേഷമേ നൽകാൻകഴിയൂ. 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഈ മരുന്ന് നൽകുന്നതിന് നിയന്ത്രണമുണ്ട്. റെംഡിസിവർ ഇൻജക്ഷനും ഫാവിപിരാവിർ ഗുളികയുമാണ്. 2018-ൽ കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധയുണ്ടായപ്പോൾ വിദേശത്തുനിന്നാണ് മരുന്നെത്തിച്ചത്. അന്ന് പത്തുപേരിലാണ് റിബാവെറിൻ ആന്റിവൈറൽ മരുന്നായി ഉപയോഗിച്ചത്.

പക്ഷേ, ഇത് എത്രമാത്രം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡിന്റെ രോഗതീവ്രത കുറയ്ക്കാൻ റെംഡിസിവർ ഫലപ്രദമാണെങ്കിലും നിപ ചികിത്സയ്ക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഉപയോഗിക്കുന്നത്. നിപ പോസിറ്റീവായവർക്ക് ഉടൻ നൽകുന്ന മോണോ ക്ലോണൽ ആന്റിബോഡി ഓസ്ട്രേലിയയിൽനിന്ന് ഉടൻ എത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!