തുരങ്കങ്ങളിലൂടെ വിമാനം പറത്തി ലോകറെക്കോഡ് സൃഷ്ടിച്ച് ഇറ്റാലിയന്‍ സ്റ്റണ്ട് പൈലറ്റ്; വീഡിയോ വൈറല്‍

സോഷ്യൽ മീഡിയയിൽ തരംഗമായി ഇറ്റാലിയൻ സ്റ്റണ്ട് പൈലറ്റ് ഡാരിയോ കോസ്റ്റയുടെ വിമാനം പറത്തൽ വീഡിയോ. തുർക്കിയിലെ ഇസ്താംബൂളിലെ രണ്ട് തുരങ്കങ്ങളിലൂടെ അനായാസമായി ചെറുവിമാനം പറത്തി ലോകറെക്കോഡുകൾ സൃഷ്ടിച്ചാണ്. കോസ്റ്റ സമൂഹമാധ്യമങ്ങളിൽ സംസാരവിഷയമായത്.
ഓസ്ട്രിയൻ കമ്പനിയായ റെഡ്ബുൾ ട്വിറ്ററിൽ വീഡിയൊ പങ്കുവെച്ചതിന് ശേഷമാണ് ഈ ധീരമായ സ്റ്റണ്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘രണ്ട് തുരങ്കങ്ങളിലൂടെ വിമാനം പറത്തിയ ആദ്യത്തെ വ്യക്തിയായി ഡാരിയോ കോസ്റ്റ മാറി’ എന്നായിരുന്നു വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ റെഡ്ബുൾ പറഞ്ഞത്. ഇപ്പോൾ ആറര ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
ശക്തമായ കാറ്റ് ഉണ്ടായിരുന്നിട്ടും, കോസ്റ്റ കൃത്യമായി തുരങ്കത്തിനുള്ളിലൂടെ വിമാനം പറത്തി. 360 മീറ്റർ തുരങ്കത്തിലൂടെ ആദ്യം പറന്ന കോസ്റ്റ തുടർന്ന് 1,160 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെ പറന്നാണ് ലോക റെക്കോഡ് സൃഷ്ടിച്ചത്. 43.44 സെക്കൻഡാണ് സ്റ്റണ്ട് പൂർത്തിയാക്കാൻ കോസ്റ്റയ്ക്ക് വേണ്ടിവന്നത്

