KSDLIVENEWS

Real news for everyone

ലണ്ടന്‍-കൊച്ചി വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം; വിമാനം പറത്തിയിരുന്നത് വനിതാ പൈലറ്റ്

SHARE THIS ON

നെടുമ്പാശ്ശേരി: യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് പ്രസവിച്ചത്. വിമാനം ലണ്ടനിൽനിന്ന് പുറപ്പെട്ട് അധികം വൈകാതെ ഏഴ് മാസം ഗർഭിണിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു.

അമ്മയ്ക്കും കുഞ്ഞിനും മെഡിക്കൽ സഹായം നൽകാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിലിറക്കി. വനിത പൈലറ്റായ ഷോമ സുർ ആണ് വിമാനം നിയന്ത്രിച്ചിരുന്നത്.


ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു. വിമാനമിറങ്ങിയ ഉടൻ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

ഫ്രാങ്ക്ഫുർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45-ന് കൊച്ചിയിലിറങ്ങി. 210 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടൽ നടത്തിയ എയർ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!