KSDLIVENEWS

Real news for everyone

കൊല നടത്തി പ്രതിഷേധക്കാരെ നിശബ്ദമാക്കാനാകില്ല: മുന്നറിയിപ്പുമായി വരുണ്‍ ഗാന്ധി

SHARE THIS ON

ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ബിജെപി നേതൃത്വത്തിനും മുന്നറിയിപ്പുമായി പാർട്ടി എംപി വരുൺ ഗാന്ധി. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ സാധിക്കില്ലെന്ന് വരുൺ ഗാന്ധി വ്യക്തമാക്കി.യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധവുമായി മുന്നോട്ട് പോകുകയായിരുന്ന കർഷകർക്ക് നേരെ അതിവേഗതയിൽ എത്തിയ വാഹനം ഇടിച്ചുകയറ്റുന്നതിന്റെ പുതിയ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു വരുണിന്റെ മുന്നറിയിപ്പ്. സംഭവത്തിൽ ബിജെപിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും പ്രതിക്കൂട്ടിൽ നിൽക്കെ ഇത് രണ്ടാം തവണയാണ് വരുൺ ഗാന്ധി ഇത്തരത്തിൽ പ്രതികരണവുമായി രംഗത്തെത്തുന്നത്.
‘വീഡിയോ വളരെ വ്യക്തമാണ്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ സാധിക്കില്ല. ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങൾ ഓരോ കർഷകന്റെ മനസ്സിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കർഷകരുടെ ചോര വീഴ്ചത്തിയവർ ഉത്തരവാദിത്തം ഏൽക്കണം നീതി ലഭ്യമാക്കണം’ വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.
സംഭവത്തിൽ ഉത്തരവാദികളായ ആളുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ വരുൺ രംഗത്തെത്തിയിരുന്നു. കർഷകരുടെ ഇടയിലേക്ക് മനഃപൂർവ്വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യം ആരേയും നടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ലഖിംപുർ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുൺ ഗാന്ധി.കർഷകർ വാഹനത്തിലുള്ളവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും ഇതോടെ നിയന്ത്രണം വിട്ടതാണെന്നുമുള്ള കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ അവകാശവാദം പൊള്ളയാണെന്ന് തുറന്ന് കാട്ടുന്നതാണ് പുറത്തുവന്ന പുതിയ വീഡിയോ. സമാധാനപരമായി മുന്നോട്ട് പോകുകയായിരുന്ന കർഷക പ്രതിഷേധത്തിലേക്ക് അതിവേഗതയിലെത്തിയ കറുത്ത നിറത്തിലുള്ള മഹീന്ദ്ര ഥാർ ഇടിച്ചുകയറ്റുന്നതാണ് വീഡിയോയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!