KSDLIVENEWS

Real news for everyone

ഓപ്പറേഷന്‍ ഫോക്കസ് 3; സംസ്ഥാനത്ത് ഇന്ന് 134 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന പരിശോധന തുടരുന്നു. ബ്ലാക്ക് ലിസ്റ്റില്‍ പെട്ട ബസുകളുടെ പട്ടിക തയ്യാറാക്കാന്‍ ഗതാഗത സെക്രട്ടറി എംവിഡിക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ന് മുതല്‍ 16-ാം തീയതി വരെ ഓപ്പറേഷന്‍ ഫോക്കസ് 3 എന്ന പേരില്‍ പ്രത്യേക പരിശോധന നടക്കും. ഇന്ന് നടത്തിയ പരിശോധനയില്‍ 134 ബസുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. 2,16,000 രൂപ പിഴ ചുമത്തി.

വടക്കഞ്ചേരിയില്‍ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കുന്നത്. നിയമലംഘനം നടത്തുന്ന ബസുകള്‍ സ്‌കൂള്‍, കോളേജ് വിനോദയാത്രകള്‍ക്ക് അനുവദിക്കില്ല. വാഹനങ്ങളിലെ സ്പീഡ് ഗവേര്‍ണര്‍ അഴിച്ചുമാറ്റുന്നതില്‍ ഡീലര്‍മാര്‍ക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡീലര്‍മാരുടെ ഷോറൂമുകളിലടക്കം പരിശോധന നടത്തും.

എറണാകുളത്ത് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 31 ടൂറിസ്റ്റ് ബസുകളില്‍ നിയമലംഘനം കണ്ടെത്തി. ബസുടമകള്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്തും കോഴിക്കോടും പാലിയേക്കരയിലും മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി. ബസിന്റെ ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്‌കൂളിലെ വിനോദയാത്ര മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞു.

പത്തനംതിട്ട റാന്നിയില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പിടികൂടി. ടൂറിസ്റ്റ് ബസിനു ആവശ്യമായ അനുമതി സ്‌കൂള്‍ അധികൃതര്‍ വാങ്ങിയില്ല എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡ്രൈവിങ്ങിനിടെ വാട്സ്‌ആപ് ഉപയോഗിച്ച ഡ്രൈവറെ കണ്ണൂരില്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് പിടികൂടി. കണ്ണൂരിലെ സ്വകാര്യ ബസുകളിലും മോട്ടോര്‍ വാഹനവകുപ്പ് ഇന്ന് പരിശോധന നടത്തി. ഇടുക്കിയില്‍ നിയമലംഘനം നടത്തിയ കെഎസ്‌ആര്‍ടിസി ഉള്‍പ്പടെ പതിമൂന്ന് ബസുകള്‍ക്കെതിരെ നടപടിയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!