KSDLIVENEWS

Real news for everyone

ഗ്യാനേഷിനെ തള്ളാനാകുന്നില്ല; സമ്മർദത്തിൽ കേന്ദ്രം, രാഷ്ട്രീയാഘാതം ഭയന്ന് ബി.ജെ.പി

SHARE THIS ON

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അനുദിനം കനക്കുമ്പോൾ മോദിസർക്കാർ കടുത്ത സമ്മർദത്തിലേക്ക്. ചൊവ്വാഴ്ച പ്രതിപക്ഷ എം.പി.മാർ നടത്തിയ മാർച്ച്, സമരത്തിന് പുതിയ മാനംനൽകുന്നു.

രാഹുൽഗാന്ധി അവലംബിക്കുന്ന പ്രക്ഷോഭ മാർഗങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിൽ രഹസ്യാന്വേഷണ ഏജൻസികളും ഡൽഹി പോലീസും നിരന്തരം പരാജയപ്പെടുന്നതാണ് കാണാൻകഴിയുന്നത്. സമരം ദേശീയരാഷ്ട്രീയത്തിൽ ചലനം സൃഷ്ടിച്ചുതുടങ്ങിയതും സർക്കാരിനെ അലട്ടുന്നുണ്ട്. സർക്കാർ ചതുരുപായങ്ങൾ പയറ്റിയിട്ടും ഇന്ത്യസഖ്യം ഒറ്റക്കെട്ടായി പ്രക്ഷോഭരംഗത്തെത്തി എന്നതാണ് ഇതിൽ പ്രധാനം.

സഖ്യത്തിന്റെ ഭാഗമല്ലാത്ത ബി.ജെ.ഡി.യും ചൊവ്വാഴ്ച സമരത്തിൽ പങ്കാളികളായി. പ്രതിപക്ഷ നിരയിൽ ഇന്ത്യസഖ്യത്തിന്റെ ഭാഗമല്ലാത്ത പാർട്ടികളെക്കൂടി ഒപ്പംനിർത്തി മണ്ഡല പുനഃസംഘടനയ്ക്കുള്ള ഭരണഘടനാ ഭേദഗതി ഉൾപ്പെടെ പാസാക്കാൻ ശ്രമിച്ചുവരുകയാണ് കേന്ദ്ര ഭരണനേതൃത്വം. ബി.ജെ.ഡി. സഞ്ചരിക്കുന്ന മാർഗത്തിൽ ഇന്ത്യസഖ്യത്തിനു പുറത്തുള്ള മറ്റുചില പാർട്ടികൾകൂടി നീങ്ങിയാൽ വിവാദ ബില്ലുകൾ പാസാക്കൽ സർക്കാരിന്റെ പൂവണിയാത്ത സ്വപ്നമായി തുടരും.

ഗ്യാനേഷിനെ തള്ളാനാകുന്നില്ല

കമ്മിഷന്റെ കാര്യത്തിൽ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് ഭരണനേതൃത്വം എന്ന സൂചനകൾ ബി.ജെ.പി.ക്കുള്ളിൽനിന്നുതന്നെ പുറത്തുവരുന്നു. ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിക്ക് ബാധ്യതയാകുമെന്നു ചിന്തിക്കുന്ന ദീർഘവീക്ഷണമുള്ള നേതാക്കൾ ബി.ജെ.പി.യിലുണ്ടെങ്കിലും അവർ നിശ്ശബ്ദരാണ്.

വിദ്യാർഥിസമരത്തിൽ സംഭവിച്ചതുപോലെ പ്രക്ഷോഭകരോട് ഏറ്റുമുട്ടൽ സമീപനം സ്വീകരിച്ച് രാഷ്ട്രീയമായ തിരിച്ചടി വീണ്ടും ഏറ്റുവാങ്ങേണ്ടതില്ല എന്ന അഭിപ്രായഗതിക്കാരാണ് പക്വമായ സമീപനം സ്വീകരിക്കുന്നവരിൽ ഏറെയും. അതേസമയം, അമിത് ഷാ നേതൃത്വംനൽകുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമരത്തോട് കടുത്തസമീപനംതന്നെ പുലർത്തണമെന്ന കാഴ്ചപ്പാടിലാണ്.

ഇത്തരം ഘട്ടങ്ങളിൽ മുൻപ്‌ വാജ്‌പേയിയും അദ്വാനിയും പാർട്ടിക്കും ഭരണത്തിനും വ്യക്തമായ ദിശാബോധം നൽകിയിരുന്നു. ആശയവ്യക്തതയുള്ള നേതാക്കളുടെ അഭാവം ബി.ജെ.പി. ഇപ്പോൾ അനുഭവിക്കുന്നുണ്ടെന്ന് നിരീക്ഷകർ കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!