ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന് വാഗ്ദാനം; സോഷ്യൽ മീഡിയയിൽ പൊടിപൊടിച്ച് ക്രീം വിൽപന……

ഒൻപത് ദിവസം കൊണ്ട് ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന അവകാശവാദവുമായി കാഴ്ചനഷ്ടം ഉൾപ്പടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫെയ്സ് ക്രീമുകളുടെ വിൽപന പൊടിപൊടിക്കുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇതിന്റെ വിൽപന നടക്കുന്നത്. പാക്കറ്റിൽ ചേരുവകളൊന്നും രേഖപ്പെടുത്താത്ത ഈ ക്രീമുകൾ ഉപയോഗിച്ച് ത്വക് രോഗങ്ങൾ ബാധിച്ച നൂറുകണക്കിന് ആളുകളാണ് വൈദ്യസഹായം തേടുന്നത്. കേരളത്തിൽ കാസര്‍കോട്
ജില്ലയിലാണ് ഈ ക്രീമുകളുടെ നിർമാണം എന്നാണ് അറിയുന്നത്. ഉപയോഗിച്ച് രോഗാവസ്ഥയിലായവരിൽ ഏറെയും ഈ പ്രദേശത്തുള്ളവരാണ്. കേരളത്തിന് പുറത്ത് ശ്രീലങ്കയിലും മാലിദ്വീപിലുമുള്ളവരും ഇതിന്റെ ഇരകളായിട്ടുണ്ട്. എന്നാൽ, നാണക്കേട് ഭയന്ന് പലരും ഈ വിവരങ്ങൾ പുറത്തുപറയാതിരിക്കുകയാണ്. പലരും പരാതി കൊടുക്കാത്തതിന്റെ കാരണവും ഇതാണ്.
ഒരുകാലത്ത് നമ്മളും ബ്രിട്ടീഷുകാരെ പോലെയാകുമെന്നും ഇന്ത്യക്കാർ തൊലിവെളുപ്പുള്ളവരാകുമെന്നാണ് ഗാന്ധിജി ഉദ്ദേശിച്ചതെന്നും പറഞ്ഞുകൊണ്ടാണ് ഈ ക്രീമുകൾ സോഷ്യൽ മീഡിയ വഴി വിറ്റഴിക്കുന്നത്. ചെറുപ്പക്കാരെയാണ് ലക്ഷ്യമിടുന്നത് എന്നതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമാണ് ഇവരുടെ പ്രധാന വിപണി. ഒന്‍പത് ദിവസം കൊണ്ട് ഏത്ര കറുത്തിരുന്നാലും ബ്രിട്ടീഷ് ടച്ച് ലഭിക്കും എന്നതാണ് പ്രധാനപരസ്യവാചകം. നിറം കറുപ്പായതിന്റെ പേരിൽ കളിയാക്കപ്പെടുകയും കാമുകി ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന യുവാവിന് ‘ദൈവദൂതനെപ്പോലെ’ വൈറല്‍ ക്രീം സമ്മാനിക്കുന്ന കൂട്ടുകാരനാണ് ഇതിലെ പ്രധാന വിഷം. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ ഉപയോഗിച്ചാണ് ഇത്തരം ക്രീമുകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത്.

