അബ്ദുറസാഖിന്റേയും നൂർജഹാന്റേയും മകൾ കവിതക്ക് ശ്രീജിത്ത് വരൻ ; കതിർമണ്ഡപമൊരുങ്ങിയത് വീട്ടുമുറ്റത്ത്

തൃപ്രയാര്‍: നൂര്ജഹാന് പ്രസവിച്ചത് മൂന്ന് പെണ്മക്കളെയാണ്. പക്ഷേ, പുതിയവീട്ടില്‍ അബ്ദുറസാഖിനും ഭാര്യ നൂര്‍ജഹാനും പെണ്മക്കള് നാലാണ്. നാലാമത്തെ മകളുടെ വിവാഹവും നടന്ന ആഹ്ലാദമായിരുന്നു ശനിയാഴ്ച പുതിയ വീട്ടില്‍. നാലാമത്തെ മകളുടെ വിവാഹത്തിന് മറ്റു മൂന്ന് മക്കളുടെയും വിവാഹത്തിനില്ലാത്ത ചില പ്രത്യേകതകളുണ്ടായിരുന്നു. ആചാരവും രീതികളുമൊക്കെ വ്യത്യസ്തമായിരുന്നു. വീട്ടിലൊരുക്കിയ കതിര്‍മണ്ഡപത്തില്‍ ക്ഷേത്രം ശാന്തിയുടെ കാര്‍മികത്വത്തിലായിരുന്നു ആ താലിക്കെട്ട്.
സേലം വിരുതാചലത്ത് താമസിക്കുന്ന പഴനിയുടെയും റാണിയുടെയും മകള്‍ കവിത 14 വര്‍ഷം മുമ്ബാണ് പുതിയ വീട്ടിലേക്ക് എത്തുന്നത്. അന്ന് എട്ടു വയസാണ് അവള്‍ക്കുള്ളത്. വീട്ടില്‍ പണിയെടുക്കാന്‍ വരുന്ന തൃത്തല്ലൂരില്‍ തെരുവിലെ തമിഴ്നാട്ടുകാരന് രത്നമാണ് കവിതയെ എത്തിച്ചത്. അന്നു മുതല്‍ തങ്ങളുടെ മൂന്നു പെണ്മക്കളെ പോലെതന്നെ അബ്ദുറസാഖും ഭാര്യ നൂര്‍ജഹാനും കവിതയെ സംരക്ഷിച്ചു. കവിത വളര്‍ന്നു. അബാജിയെന്നാണ് കവിത അബ്ദുറസാഖിനെ വിളിച്ചിരുന്നത്. വിവാഹപ്രായമെത്തിയ കവിതക്ക് വരനെ അന്വേഷിച്ചതും അബ്ദുറസാഖായിരുന്നു. നാട്ടിക സ്വദേശി വാഴപ്പുള്ളി സുബ്രഹ്മണ്യെന്റ മകന് ശ്രീജിത്തിനെ അങ്ങനെയാണ് കണ്ടെത്തിയത്.
വിവാഹത്തിന് കവിതയുടെ മാതാപിതാക്കളും രണ്ടു സഹോദരിമാരും എത്തിയിരുന്നു. ഹിന്ദു ആചാരപ്രകാരമായിരുന്നു കര്‍മങ്ങള്‍. നാട്ടിക ഇയ്യാനി ക്ഷേത്രം ശാന്തി ജോഷി നേതൃത്വം നല്കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അയല്‍വാസികളും മറ്റും സംബന്ധിച്ചു.
കവിതക്ക് വിവാഹസമ്മാനമായി അബ്ദുറസാഖിെന്റ മൂന്നു മക്കള്‍ 12 പവെന്റ ആഭരണങ്ങളും നല്കി. അബ്ദുറസാഖും നൂര്‍ജഹാനും വീടിനുസമീപം കവിതക്കായി നീക്കിവെച്ച നാലു സെന്റില്‍ നിര്‍മിച്ച വീടും കൈമാറി. പഞ്ചായത്ത് അംഗം സി.ജി. അജിത്കുമാര്‍ പാരിതോഷികം സമ്മാനിച്ചു. തൃപ്രയാറിലെ പരേതനായ പരീത് മാസ്റ്ററുടെ മകനായ അബ്ദുറസാഖ് റിട്ട. വ്യോമസേന ഉദ്യോഗസ്ഥനാണ്.

