KSDLIVENEWS

Real news for everyone

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഷഹനയുടെ ആത്മഹത്യ: ആരോപണവിധേയനായ യുവഡോക്ടര്‍ കസ്റ്റഡിയില്‍

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ ഡോ. ഇ.എ. റുവൈസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. ഷഹനയുടെ കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി റുവൈസിനെ പ്രതിചേർത്ത് പോലീസ് കേസെടുത്തിരുന്നു.


ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കഴിയാത്തതിനാൽ സുഹൃത്തായ യുവാവ് വിവാഹത്തിൽനിന്ന് പിൻമാറിയതിനെ തുടർന്നുള്ള മനോവിഷമത്തെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ഭീമമായ സ്ത്രീധനം ചോദിക്കുകയും അത് ലഭിക്കാതെ വന്നപ്പോൾ വിവാഹത്തിൽനിന്ന് പിൻമാറുകയും ചെയ്തുവെന്നാണ് ഷഹനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരേ പോലീസ് കേസെടുത്തത്.

വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീധനം ചോദിച്ചതിൽ റുവൈസിന്റെ കുംടുംബത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന കാര്യങ്ങളും പോലീസ് അന്വേഷിക്കും. സംഭവത്തിന് പിന്നാലെ റുവൈയ്സിനെ പിജി ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്ന് കെ.എം.പി.ജി.എ സംഘടന അറിയിച്ചു.


ഷഹ്നയും റുവൈയ്സും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. യുവാവിന്റെ വീട്ടുകാർ ഉയർന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. സ്ത്രീധനമായി 150 പവനും 15 ഏക്കർ ഭൂമിയും ബി.എം.ഡബ്ല്യൂ. കാറും വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, അഞ്ചേക്കർ ഭൂമിയും ഒരു കാറും നൽകാമെന്ന് ബന്ധുക്കൾ അറിയിച്ചു. അതുപോര കാർ ബി.എം.ഡബ്യൂ തന്നെ വേണമെന്നും ഒപ്പം സ്വർണവും വേണമെന്ന ആവശ്യത്തിൽ യുവാവിന്റെ വീട്ടുകാർ ഉറച്ചുനിന്നു. പക്ഷേ, ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാൻ ഷഹ്നയുടെ വീട്ടുകാർക്കായില്ല. ഇതോടെ യുവാവും ബന്ധുക്കളും വിവാഹത്തിൽനിന്ന് പിന്മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പി.ജി. വിദ്യാർഥിനിയായ ഷഹ്നയെ തിങ്കളാഴ്ച രാത്രിയാണ് മെഡിക്കൽ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനം നൽകാൻ സാമ്പത്തികശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!