30 മണിക്കൂര്‍ പിന്നിട്ടു; ഒരു തുള്ളി വെള്ളം പോലും ലഭിക്കാതെ ബാബു, പ്രാര്‍ത്ഥനയോടെ നാട്

പാലക്കാട്: മലമ്പുഴ ചേറാട് മലയിടുക്കിൽ കുടുങ്ങിയ യുവാവ് ബാബുവിന് വേണ്ടി പ്രാർഥനയോടെ കേരളം. മലയിൽ അകപ്പെട്ട് മുപ്പത് മണിക്കൂറുകൾ പിന്നിടുമ്പോഴും ഇതുവരെ യുവാവിന് ഭക്ഷണോ ഒരു തുള്ളി വെള്ളമോ എത്തിക്കാനായിട്ടില്ല. കാലിന് പരിക്കേറ്റതിനാലും ഭക്ഷണം കഴിക്കാത്തതിനാലും ആരോഗ്യസ്ഥിതിയെക്കുറിച്ച് കടുത്ത ആശങ്കകളാണുള്ളത്. കഴിഞ്ഞ രാത്രിയിലെ കടുത്ത തണുപ്പും പകൽനേരത്തെ ചുട്ടുപൊള്ളുന്ന വെയിലും വിശപ്പും ക്ഷീണവും ബാബുവിനെ തളർത്തിയിട്ടുണ്ടാവുമെന്നുറപ്പാണ്. ഈ ഒരു രാത്രി കൂടി അതിജീവിക്കാൻ ബാബുവിനെ സാധിക്കണേയെന്നാണ് രക്ഷാപ്രവർത്തകരും കുടുംബവും കൂട്ടുകാരും ഒരുപോലെ പ്രാർഥിക്കുന്നത്.
രക്ഷാപ്രവർത്തനം ശക്തിപ്പെടുത്താനായി ബെംഗളൂരുവിൽ നിന്നുള്ള സൈനിക സംഘവും വെല്ലിങ്ടണിൽ നിന്നുള്ള സംഘവും പാലക്കാടേക്ക് തിരിച്ചിട്ടുണ്ട്. എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് ബെംഗളൂരുവിൽ നിന്ന് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്.
ചെയ്തത് തെറ്റെങ്കിലും മകന് വേണ്ടി പ്രാർഥിക്കുന്നുവെന്ന് മാതാവ്
മതിയായ സുരക്ഷാമുൻകരുതൽ സ്വീകരിക്കാതെ മകൻ സാഹസിക യാത്ര നടത്തിയത് തെറ്റായിപ്പോയെങ്കിലും മകന് വേണ്ടി പ്രാർഥിക്കണമെന്ന് ബാബുവിന്റെ മാതാവ് പ്രതികരിച്ചു. രക്ഷാപ്രവർത്തകർ ആത്ഥാർഥമായി പ്രവർത്തിക്കുന്നുണ്ട്. അവനെ രക്ഷപ്പെടുത്താൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകന് വേണ്ടി പ്രാർഥിക്കണം. മകന് വേണ്ടിയും രക്ഷാപ്രവർത്തകർക്ക് വേണ്ടിയും പ്രാർഥിക്കുന്നുവെന്നും മാതാവ് പറഞ്ഞു

