KSDLIVENEWS

Real news for everyone

എണ്ണ വില കുതിച്ചുയരുന്നു; വിനിമയനിരക്കും സ്വര്‍ണവിലയും സര്‍വകാല റെക്കോഡില്‍

SHARE THIS ON

മസ്കത്ത്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില കുതിച്ചുയരുന്നു. ഒമാന്‍ അസംസ്കൃത എണ്ണവില തിങ്കളാഴ്ച ബാരലിന് 125.16 ഡോളറിലെത്തി. വെള്ളിയാഴ്ച ബാരലിന് 108.87 ഡോളറായിരുന്നു വില. 16.29 ഡോളറാണ് വാരാന്ത്യംകൊണ്ട് വര്‍ധിച്ചത്.

ആഗോള മാര്‍ക്കറ്റില്‍ എണ്ണ വില ഇനിയും കുതിച്ചുയരുമെന്നാണ് സാമ്ബത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. എണ്ണ വില വര്‍ധിച്ചതോടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവിലയും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച ഒമാനില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 24.250 റിയാലായിരുന്നു വില. രാവിലെ വില 24.300 വരെ എത്തി. ഇതു സര്‍വകാല റെക്കോഡാണ്. ഇതോടെ വിനിമയ നിരക്കും ഉയര്‍ന്നു. തിങ്കളാഴ്ച ഉച്ചയോടെ വിനിമയ നിരക്ക് സര്‍വകാല റെക്കോഡിലെത്തി. ആഗോള വിനിമയ ഏജന്‍സികള്‍ ഒരു റിയാലിന് 200.532 രൂപ എന്ന നിരക്കാണ് തിങ്കളാഴ്ച ഉച്ചവരെ കാണിച്ചിരുന്നത്.

ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ ഒരു റിയാലിന് 199.50 രൂപ എന്ന നിരക്കാണ് നല്‍കിയത്. ഒമാന്‍ റിയാലിന് ഇതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്ക് 198.90 രൂപയാണ്. കോവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യത്തില്‍ 2020 ഏപ്രിലിലാണ് ഈ നിരക്ക് ലഭിച്ചത്. പിന്നീട് വിനിമയ നിരക്ക് കുറയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നും ഒരു റിയാലിന് 198 രൂപ ലഭിച്ചിരുന്നു. 10 വര്‍ഷം മുമ്ബ് ഇതേ മാസം 10ന് 129 റിയാലായിരുന്നു വിനിമയ നിരക്ക്.

വിനിമയ നിരക്ക് ക്രമേണ ഉയര്‍ന്ന് 2013 ആഗറ്റില്‍ 178 രൂപയായി ഉയര്‍ന്നു. പിന്നീട് നിരക്ക് താഴോട്ട് പോവുകയും 2016 ഫെബ്രുവരിയില്‍ വീണ്ടും 178 രൂപയിലെത്തുകയുമായിരുന്നു. 2018 ഒക്ടോബറിലാണ് വിനിമയ നിരക്ക് 192 രൂപയിലെത്തുന്നത്. അതുമുതല്‍ നിരക്ക് 190 -195 നും ഇടയില്‍ നില്‍ക്കുകയായിരുന്നു. ഈ വര്‍ഷം ജനുവരി 11ന് 192.500 ആയിരുന്നു വിനിമയ നിരക്ക്. പിന്നീട് ക്രമേണ ഉയരുകയും റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തോടെ നിരക്ക് കുതിച്ചുയരുകയുമായിരുന്നു. എണ്ണവില വര്‍ധിച്ച സാഹചര്യത്തില്‍ വിനിമയ നിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രമുഖ ധനശാസ്ത്രജ്ഞനായ അമര്‍ത്യ സെന്‍ എണ്ണ വില 150 ഡോളറിലെത്തുമെന്ന് നേരത്തേ പ്രവചിച്ചിരുന്നു.

എണ്ണ വില ഇപ്പോള്‍ 2008 ലെ ഉയര്‍ന്ന നിരക്കാണ് ഭേദിക്കുന്നത്. റഷ്യയുടെ എണ്ണ ബഹിഷ്കരണം നടപ്പാവുകയാണെങ്കില്‍ വില ബാരലിന് 200 ഡോളറിലെത്തുമെന്ന് ബാങ്ക് ഓഫ് അമേരിക്ക തിങ്കളാഴ്ച വിലയിരുത്തിയിരുന്നു. എന്നാല്‍, ഇറാന്‍ ആണവ പ്രശ്നം പരിഹരിക്കുകയും ഇറാനിയന്‍ എണ്ണ മാര്‍ക്കറ്റിലെത്തുകയും ചെയ്യുകയാണെങ്കില്‍ എണ്ണവിലയില്‍ കുറവുണ്ടാവും.യുക്രെയ്ന്‍ പ്രശ്നം അന്താരാഷ്ട്ര തലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ ആണവ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കും ആക്കം വര്‍ധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!