കീഴ്വഴക്കം വിടാതെ മുസ്ലിം ലീഗ്; പാരമ്ബര്യം കാത്ത് പാണക്കാട് കുടുംബം

മലപ്പുറം: പ്രതീക്ഷിച്ചതെന്നല്ല, ഉറപ്പിച്ചതെന്നുതന്നെ പറയാം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സ്ഥാനലബ്ധിയെ. ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെയുണ്ടായ ഒഴിവിലേക്ക് സാദിഖലി തങ്ങളല്ലാതെ മറ്റൊരാളെ മുസ്ലിം ലീഗ് നേതൃത്വത്തിനോ അണികള്‍ക്കോ ചിന്തിക്കുകപോലും നിലവിലെ സാഹചര്യത്തില്‍ അസാധ്യം. പാരമ്ബര്യവും കീഴ്വഴക്കങ്ങളും അങ്ങനെയാണ്. പാണക്കാട് കുടുംബത്തിലെ അടുത്ത ഏറ്റവും മുതിര്‍ന്ന അംഗമെന്ന നിലയിലും ഹൈദരലി തങ്ങള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ ഒഴിവുവന്ന സ്ഥാനങ്ങള്‍ വഹിച്ചയാളെന്ന നിലയിലും സാദിഖലി തങ്ങളെത്തന്നെ പ്രഖ്യാപിക്കാന്‍ ഒരുനിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല. പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ നിര്യാണത്തെത്തുടര്‍ന്ന് 1975ല്‍ മുഹമ്മദലി ശിഹാബ് തങ്ങളെയും ഇദ്ദേഹത്തിന്റെ വിയോഗശേഷം 2009ല്‍ ഹൈദരലി തങ്ങളെയും തെരഞ്ഞെടുത്തതിന് സമാനമായ തീരുമാനം തന്നെയുണ്ടായി.
തിങ്കളാഴ്ച രാവിലെ മുതല്‍ മുതിര്‍ന്ന ലീഗ് നേതാക്കള്‍ ഹൈദരലി തങ്ങളുടെ വീടായ ദാറുന്നഈമിലുണ്ടായിരുന്നു. പുലര്‍ച്ച ഖബറടക്കത്തിന് തൊട്ട് മുമ്ബെത്തിയ ദേശീയ അധ്യക്ഷന്‍ കെ.എം. ഖാദര്‍ മൊയ്തീനും ഇവിടെയുണ്ടായിരുന്നു. 11.45ഓടെ സ്ഥലത്തുള്ള ദേശീയ, സംസ്ഥാന ഭാരവാഹികളുടെയും എം.പിമാരുടെയും എം.എല്‍.എമാരുടെയും സാദിഖലി തങ്ങളൊഴികെയുള്ള പാണക്കാട് കുടുംബാംഗങ്ങളുടെയും യോഗം തുടങ്ങി. അടച്ചിട്ട മുറിയില്‍ 10 മിനിറ്റ് നേരത്തേ ചര്‍ച്ച. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് വിളിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഒരു മിനിറ്റ് ആമുഖസംഭാഷണം. പ്രഖ്യാപനം നിര്‍വഹിക്കാന്‍ ദേശീയ അധ്യക്ഷനെ ക്ഷണിച്ചു. കേരളത്തിലെ ലീഗിന്റെ പാരമ്ബര്യം നിലനിര്‍ത്തി സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തതായി ഖാദര്‍ മൊയ്തീന് അറിയിച്ചു.
ഹൈദരലി തങ്ങള്‍ വഹിച്ചിരുന്ന ദേശീയ രാഷ്ട്രീയ ഉപദേശകസമിതി അധ്യക്ഷസ്ഥാനവും സാദിഖലി തങ്ങള്‍ക്ക് നല്കി. ഇതിനുശേഷം സാദിഖലി തങ്ങളെ വിളിപ്പിച്ച് മുനവ്വറലി തങ്ങള്‍ തീരുമാനമറിയിച്ചു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളും വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ റഷീദലി ശിഹാബ് തങ്ങളാണ് സാദിഖലി തങ്ങളുടെ പേര് നിര്‍ദേശിച്ചത്. പുതിയ നായകന് ആശംസകളര്‍പ്പിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ഡോ. അബ്ദുസ്സമദ് സമദാനി എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.എം.എ. സലാം, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെത്തി സാദിഖലി തങ്ങളെ അഭിനന്ദിച്ചു. ഹൈദരലി തങ്ങളുടെ മക്കളായ മുഈനലി ശിഹാബ് തങ്ങളും നഈമലി ശിഹാബ് തങ്ങളും യോഗത്തിലുണ്ടായിരുന്നു.

