ക്രാഷ് ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി പിളര്‍ന്നു; വിമാനത്താവളം അടച്ചിട്ടു

സാന്‍ജോസ്: കോസ്റ്റാറിക്കയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി പിളര്‍ന്നു വീണു. കോസ്റ്റാറിക്കയിലെ സാന്റാമരിയ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ജര്‍മന്‍ നിര്‍മിത ഡി.എച്ച്.എല്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.
ബോയിങ് 757 വിമാനമാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം പറന്നുയര്‍ന്ന ഉടനെ ഹൈഡ്രോളിക് തകരാര്‍ ഉണ്ടാകുകയും ഉടന്‍ തന്നെ അടിയന്തര ലാന്‍ഡിങ് നടത്തുകയുമായിരുന്നു. വിമാനത്തിന്‍റെ പിന്‍വശത്തെ ചക്രങ്ങള്‍ക്ക് അരികിലായാണ് പിളര്‍ന്നത്.
ചരക്ക് വിമാനത്തില്‍ രണ്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കിലും ഇവരെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.
ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറുകയും പുക ഉയരുന്നതും വിഡിയോയില്‍ വ്യക്തമാണ്.

