KSDLIVENEWS

Real news for everyone

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ തൃശൂരില്‍ ഇഡിയെ ഇറക്കി: സിപിഎം അക്കൗണ്ട് മരവിപ്പിച്ചത് ഇതിന്റെ ഭാഗം: പിണറായി വിജയൻ

SHARE THIS ON

പത്തനംതിട്ട: പാനൂരിലെ ബോംബ് സ്ഫോടനത്തിലും തൃശൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട ഇഡി നടപടികളിലുമടക്കം പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹ ജീവിതത്തിന്റെ ഭാഗമായാണ് സിപിഎം നേതാക്കള്‍ കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്ഫോടനമുണ്ടായി മരിച്ച ഷെറിന്റെ വീട്ടില്‍ പോയത്. മരണവീട്ടില്‍ പോയി ബന്ധുക്കളെ ആശ്വസിപ്പിക്കുകയെന്നത് നാട്ടില്‍ നടക്കുന്ന കാര്യമാണ്. വീട് സന്ദര്‍ശനത്തില്‍ നേതാക്കള്‍ക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു. പാനൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുറ്റത്തോടും കുറ്റവാളികളോടും മൃതു സമീപനമില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. പാനൂരിലുണ്ടായ സ്ഫോടനം സാധാരണഗതിയില്‍ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. കേരളത്തില്‍ ബോംബ് നിർമ്മിക്കേണ്ട ആവശ്യമില്ല. പാനൂര്‍ സംഭവത്തെ രഷ്ട്രീയമായി കാണേണ്ടതില്ല. കേസില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ഇഡിയെ ഇറക്കി

തൃശൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് ഇഡിയെ ഇറക്കിയത്. സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ നടപടിയും അതിന്റെ ഭാഗമായാണ്. മണ്ഡലത്തില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകും. ഇമ്മാതിരി കളി കൊണ്ടും നടക്കില്ലെന്നും പിണറായി തുറന്നടിച്ചു.

കിഫ്ബി ഒന്നും രഹസ്യമല്ല

എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് അനുകൂല സാഹചര്യമാണ് നിലവിലുളളത്. ഇത് കോണ്‍ഗ്രസസിനും ബിജെപിക്കും അങ്കലാപ്പുണ്ടാക്കുന്നു. കേരളം കടം എടുത്തു മുടിയുന്നുവെന്നാണ് ബിജെപിയും കോണ്‍ഗ്രസും പറയുന്നത് . എന്നാല്‍ വിവരങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ കടം എടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ലെന്ന് വ്യക്തമാകും. കേരളം കടക്കണിയില്‍പെട്ട സംസ്ഥാനമല്ല. കേരളത്തിന്റെ വികസന മാതൃക ലോകം പൊതുവെ അംഗീകരിച്ചതാണ്. നാടിന്റെ വികസനത്തിന്റെ പര്യായമാണ് കിഫ്ബി. അവിടെ ഒന്നും രഹസ്യമല്ല. കിഫ്‌ബി വികസന പദ്ധതിയില്ലാത്ത ഒരു മണ്ഡലവും കേരളത്തിലില്ല. അന്വേഷണ ഏജൻസികളെ ഇറക്കി വിരട്ടാനാണ് കേന്ദ്രത്തിന്റെ ശ്രമം. സുതാര്യമായ തീരുമാനങ്ങളാണ് കിഫ്‌ബിയില്‍ ഉണ്ടായത്. അത് തോമസ് ഐസക് മാത്രം എടുത്തതല്ല. കിഫ്‌ബി ബോർഡാണ് വിഷയങ്ങളില്‍ തീരുമാനമെടുത്തത്. എന്തോ പ്രശ്നമുണ്ടെന്ന തെറ്റിദ്ധാരണ പരത്താനാണ് ശ്രമം നടക്കുന്നത്. ഇത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതില്‍ പ്രതിപക്ഷം കേന്ദ്ര ഏജൻസികളെ സഹായിച്ചു. സംസ്ഥാനത്തെ ഒറ്റു കൊടുക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!