വെടിയേറ്റത് രണ്ടുവട്ടം, പിന്നാലെ ഹൃദയാഘാതവും; ആബെയുടെ നില അതീവഗുരുതരം

ടോക്യോ: പൊതുപരിപാടിക്കിടെ വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ നില അതീവഗുരുതരം. വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നും ശുഭകരമായ സൂചനകളൊന്നും കാണിക്കുന്നില്ലെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
നരാ പട്ടണത്തില്‍ പ്രചരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. പ്രാദേശികസമയം രാവിലെ 11.30-ഓടെയായിരുന്നു സംഭവം. പ്രസംഗിക്കുന്നതിനിടെ ആബെയുടെ പിന്നിലൂടെ എത്തിയ 40 വയസ്സ് തോന്നിക്കുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്. ആബെയുടെ പിന്നിലൂടെ എത്തിയ ആളാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷിയായ യുവതിയും പ്രതികരിച്ചു.

