തോരാമഴ, 4 ദിവസം കൂടി യെലോ അലർട്ട്: ബൈക്ക് യാത്രികൻ ഒഴുക്കിൽപ്പെട്ടു; നാട്ടുകാർ രക്ഷിച്ചു

കാസർകോട് ∙ തുടർച്ചയായ എട്ടാം ദിവസവും ജില്ലയിൽ ശക്തമായ മഴ. പ്രാദേശികമായി പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ടായി. റോഡുകളിലേക്ക് മണ്ണിടിഞ്ഞതിനാലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ അതിശക്തമായ മഴയും (119.5 മില്ലിമീറ്റർ) മറ്റ് താലൂക്കുകളിൽ ശക്തമായ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്.
വരുന്ന നാലു ദിവസം കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപാതയിൽ ചട്ടഞ്ചാലിനു സമീപം തെക്കിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞ ഭാഗത്ത് അറ്റകുറ്റപ്പണികൾ തുടങ്ങി.

