KSDLIVENEWS

Real news for everyone

വസ്ത്രങ്ങളും ആഭരണങ്ങളും ഊരിയെടുത്തു; ആദ്യം ജീവനോടെ തീവെച്ചു, തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചു

SHARE THIS ON

അടിമാലി(ഇടുക്കി): പണിക്കൻകുടി സ്വദേശിനി സിന്ധുവിനെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നും ജീവൻ പോകാത്തതിനാൽ ക്രൂരമായി മർദിച്ചശേഷം കുഴിച്ചുമൂടിയെന്നും പ്രതി മാണിക്കുന്നേൽ ബിനോയി പോലീസിന് മൊഴി നൽകി. കുഴിച്ചുമൂടുമ്പോൾ സിന്ധുവിന്റെ കാലനങ്ങിയതായി സംശയമുണ്ടെന്നും മൊഴിയിലുണ്ട്. പ്രതിയെ, മൃതദേഹം മറവുചെയ്ത പണിക്കൻകുടിയിലെ വീട്ടിലെത്തിച്ച് ചൊവ്വാഴ്ച തെളിവെടുത്തു.

ഒപ്പം താമസിച്ചിരുന്ന സിന്ധുവിനെ കൊന്നിട്ട് ഇയാൾ വീടിന്റെ അടുക്കളയിലാണ് കുഴിച്ചുമൂടിയത്. മുൻഭർത്താവുമായി സിന്ധു അടുക്കുന്നതിലുള്ള വൈരത്തിലാണ് കൊലപാതകമെന്ന് ബിനോയി മൊഴി നൽകി. സിന്ധുവിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും ഊരിയെടുത്തു. 12-ന് രാവിലെയോടെ കുഴിമൂടി തെളിവുകൾ മാറ്റി. പോലീസ്നായ മണംപിടിക്കാതിരിക്കാൻ മുളകുപൊടി കുഴിയിൽ വിതറി. രാവിലെ സിന്ധുവിന്റെ മകൻ വന്ന് അമ്മയെ അന്വേഷിച്ചു. പുറത്തുപോയതാണെന്ന് പറഞ്ഞു.


സിന്ധുവിന്റെ അമ്മ ബിനോയിയെ സംശയിച്ചതോടെ, 16-ന് ഇയാൾ നാടുവിട്ടു. പൊള്ളാച്ചി, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ കറങ്ങിനടന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും സിന്ധുവിന്റെ മൃതദേഹം കണ്ടെത്താതായതോടെ ഇയാൾക്ക് ധൈര്യമായി. കൊലപാതകം പുറംലോകം അറിയില്ലെന്നുകരുതി തിരികെ സെപ്റ്റംബർ മൂന്നിന് പെരിഞ്ചാംകുട്ടിയിൽ വന്നു. അന്നുച്ചയോടെ മൃതദേഹം കണ്ടെത്തി. ഇക്കാര്യം ഒരു ചായക്കടയിൽ ചെന്നപ്പോൾ ചാനലിലൂടെ ഇയാൾ മനസ്സിലാക്കി. തുടർന്ന് അവിടെയൊരു ഗുഹയിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇയാളെ പോലീസ് പിടികൂടിയത്.

ഏലത്തോട്ടത്തിനുനടുവിൽ ഒറ്റപ്പെട്ടയിടത്ത് മൺകട്ടകൊണ്ട് നിർമിച്ച ഷെഡ്ഡുപൊലൊരു വീട്ടിലാണ് ബിനോയിയും സിന്ധുവും താമസിച്ചിരുന്നത്. ഇവിടെയാണ് കൊലപാതകവും നടന്നത്. ഡിവൈ.എസ്.പി. ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. സിന്ധുവിന്റെ വസ്ത്രങ്ങൾ പൊന്മുടി അണക്കെട്ടിൽ ഉപേക്ഷിച്ചതായാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ഇത് കണ്ടെത്തണം. ആഭരണങ്ങൾ വിറ്റിരുന്നു. ചൊവ്വാഴ്ചത്തെ തെളിവെടുപ്പ് പൂർത്തിയാക്കി വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി അടുത്തദിവസം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!