തന്ത്രം പാളി ബിജെപി; അടിപതറി മെഹബൂബ, കശ്മീർ തിരുത്തിയെഴുതിയ തിരക്കഥ

ഹരിയാണയിൽ അത്ഭുത ക്ലൈമാക്സ് രചിക്കാൻ കഴിഞ്ഞെങ്കിലും കശ്മീർ താഴ്വരയിൽ ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ പിഴച്ചു. ഒരിക്കല്‍കൂടി ജമ്മു കശ്മീരില്‍ ഭരണത്തിന്റെ ഭാഗമാകാമെന്ന പ്രതീക്ഷയും പൊലിഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന അനുച്ഛേദം 370 റദ്ദാക്കിയശേഷം ആദ്യമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യം പ്രവചനങ്ങള്‍ മറികടന്ന വിജയം നേടിയപ്പോള്‍ കണക്കുകൂട്ടിൽ കുതിപ്പ് നടത്താൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. തൂക്കുസഭ പ്രവചിച്ച അഭിപ്രായസര്‍വേ ഫലങ്ങളെ കടത്തിവെട്ടുന്ന പ്രകടനം നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യം കാഴ്ചവെച്ചപ്പോള്‍ 90 അംഗ നിയമസഭയില്‍ 46 സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. ബിജെപി 29 സീറ്റുകള്‍ നേടിയപ്പോള്‍, ആര് ഭരിക്കണമെന്ന് നിശ്ചയിക്കും വിധം നിര്‍ണായക ശക്തിയാകുമെന്ന പ്രതീക്ഷിച്ച പിഡിപിക്ക് വെറും 4 സീറ്റില്‍ മാത്രമാണ് ലീഡുള്ളത്. ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് 5 സീറ്റില്‍ മുന്നിലുള്ളപ്പോള്‍ സ്വതന്ത്രര്‍ 8 ഇടങ്ങളിലാണ് മുന്നേറുന്നത്. സ്വതന്ത്രരുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും ഇന്ത്യ സഖ്യത്തിനുണ്ട്.
പത്ത് കൊല്ലത്തെ ഇടവേളയ്ക്കുശേഷം ജമ്മു കശ്മീരില്‍ നടന്ന തിരഞ്ഞെടുപ്പിനെ അതീവപ്രാധാന്യത്തോടെയാണ് രാജ്യമൊന്നാകെ ഉറ്റുനോക്കിയത്. 2018 മുതല്‍ ജമ്മു കശ്മീരില്‍ നിലവിലുള്ള ലഫ്. ഗവര്‍ണര്‍ ഭരണം, അനുച്ഛേദം 370 പിന്‍വലിച്ച 2019 ഓഗസ്റ്റ് അഞ്ചിനുശേഷം സംസ്ഥാനത്ത് ഇതേ ഭരണ സംവിധാനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്നിവ പശ്ചാത്തലമായി നിലനില്‍ക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യ സഖ്യവും ബി.ജെ.പിയുമാണ് തിരഞ്ഞെടുപ്പ് ഗോദയില്‍ ശക്തമായി ഏറ്റുമുട്ടിയത്. നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സി.പി.എം, പാന്തേഴ്സ് പാര്‍ട്ടി എന്നിവര്‍ ഇന്ത്യാ സഖ്യത്തില്‍ അണിനിരന്നു. കശ്മീരില്‍ സംഘടനാ സംവിധാനത്തിന്റെ കരുത്തില്‍ എല്ലാ തന്ത്രങ്ങളും പുറത്തെടുത്താണ് നാഷണല്‍ കോണ്‍ഫറന്‍സ് തിരഞ്ഞെടുപ്പിലിറങ്ങിയത്. സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റിയ വിഷയത്തില്‍ ബി.ജെ.പിയും പ്രാദേശിക പാര്‍ട്ടികളും തമ്മില്‍ ശക്തമായ അഭിപ്രായവ്യത്യാസങ്ങളും നിലനിന്നു. ഇതിനിടെയാണ് സംസ്ഥാനം വിധിയെഴുതിയത്. ആ വിധി ബി.ജെ.പിക്ക് എതിരാവുകയും ചെയ്തു.
അപ്രതീക്ഷിതവും നാടകീയവുമായ നീക്കങ്ങള്‍ക്കൊടുവിലാണ് 2019-ല്‍ ജമ്മുകശ്മീരിന് പ്രത്യേകാധികാരം നല്കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. പിന്നാലെ സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റി. ഡല്‍ഹിയും പുതുച്ചേരിയും പോലെ ജമ്മു കശ്മീരിന് നിയമസഭയുണ്ടെങ്കിലും ലഡാക്കിന് അതില്ല. ജമ്മു കശ്മീരില്‍ പാര്‍ലമെന്റ് മണ്ഡലങ്ങളും അസംബ്ലി മണ്ഡലങ്ങളും പുനര്‍നിര്‍ണയിക്കാനും ബില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇത് പ്രകാരം 2022-ല്‍ മണ്ഡലപുനര്‍നിര്‍ണയം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.
2014-ലാണ് ജമ്മു കശ്മീരില്‍ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 87 അംഗസഭയില്‍ പി.ഡി.പിക്ക് പിന്നാലെ രണ്ടാമത്തെ വലിയ ഒറ്റ കക്ഷിയായിരുന്നു ബി.ജെ.പി. ജമ്മു കശ്മീരില്‍ ആകെയുള്ള 87 സീറ്റുകളില്‍ ബി.ജെ.പി. 25 സീറ്റുകളാണ് നേടിയത്. ജമ്മു മേഖലയിലാണ് ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കശ്മീര്‍ മേഖലയില്‍ നിന്ന് സീറ്റുകള്‍ ഒന്നും ലഭിച്ചിരുന്നില്ല. 25 സീറ്റുകളും ജമ്മു മേഖലയില്‍ നിന്നായിരുന്നു. ബി.ജെ.പി വിജയിച്ചതെല്ലാം ജമ്മുവിലെ ഹിന്ദുഭൂരിപക്ഷ മേഖലകളിലാണ്. 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 25 സീറ്റുകളില്‍ ഭൂരിഭാഗവും ഉധംപുര്‍, കത്വ, സാംബ, ജമ്മു എന്നീ നാല് ജില്ലകളില്‍ നിന്നാണ്. ജമ്മുകശ്മീരില്‍ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ജില്ലകളും ഇവയാണ്. അതോടെ പി.ഡി.പിയുമായി ചേര്‍ന്ന് ബി.ജെ.പി. സര്‍ക്കാര്‍ രൂപീകരിച്ചു. പക്ഷേ, 2018-ല്‍ ബി.ജെ.പി. സഖ്യത്തില്‍ നിന്ന് പുറത്തുവന്നതോടെ സര്‍ക്കാര്‍ താഴെവീണു. പിന്നാലെ 2019-ല്‍ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദാക്കുകയും കേന്ദ്രഭരണ പ്രദേശമായി മാറ്റുകയും ചെയ്തു. ഇക്കാലയളവിലൊന്നും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ കശ്മീരില്‍ ഇല്ലായിരുന്നു.
സംസ്ഥാന വിഭജനത്തിന് പിന്നാലെ ജമ്മു ഡിവിഷനിലും കശ്മീര്‍ ഡിവിഷനിലും പത്ത് വീതം ജില്ലകളാണുള്ളത്. ഇതില്‍ കശ്മീര്‍ ഡിവിഷനിലെ 10 ജില്ലകളിലും ഹിന്ദു ജനസംഖ്യ ന്യൂനപക്ഷമാണ്. ജമ്മുമേഖലയില്‍ ഉധംപുര്‍, കത്വ, സാംബ, ജമ്മു എന്നിവ ഒഴികെയുള്ള ജില്ലകളിലും ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമില്ല. ആ ജില്ലകളിലെ ഹിന്ദുജനസംഖ്യ 49% (റിയാസി) മുതല്‍ 7% (പൂഞ്ച്) വരെ വ്യത്യാസപ്പെടുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിനായി നിയമിച്ച ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി കമ്മീഷന് 2022 മേയ് അഞ്ചിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ജമ്മു ഡിവിഷനിലേക്ക് ആറ് നിയമസഭാസീറ്റുകളും കശ്മീര്‍ ഡിവിഷനിലേക്ക് ഒരു സീറ്റും കൂട്ടിച്ചേര്‍ത്തു. ഇതോടെ ജമ്മു നിയമസഭയിലെ ആകെ സീറ്റുകള്‍ 114 ആയി ഉയര്‍ന്നു. ഇതില്‍ 24 സീറ്റുകള്‍ പാക് അധീന കശ്മീരിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ക്കായി മാറ്റിവെച്ചതാണ്. ബാക്കിയുള്ള 90 സീറ്റുകളില്‍ 43 സീറ്റുകള്‍ ജമ്മു ഡിവിഷനിലും 47 സീറ്റുകള്‍ കശ്മീര്‍ ഡിവിഷനിലുമാണ്.Y
എന്നാല്‍ ഈ വിഭജനം ബിജെപിക്ക് ഗുണകരമായില്ലെന്നാണ് നിലവിലെ ഫലം സൂചിപ്പിക്കുന്നത്. 87 സീറ്റായിരുന്നു നേരത്തെ നിയമസഭയില്‍. മണ്ഡല പുനരേകീകരണത്തോടെ ബിജെപിക്ക് മേധാവിത്വമുള്ള ജമ്മുവില്‍ ആറ് സീറ്റ് കൂടി. കശ്മീരില്‍ ഒരു സീറ്റാണ് വര്‍ധിച്ചത്. തങ്ങള്‍ക്ക് മേധാവിത്വമുള്ള ജമ്മു മേഖലയില്‍നിന്ന പരമാവധി സീറ്റുകള്‍ നേടുക എന്നതായിരുന്നു ബിജെപിയുടെ തന്ത്രം. കശ്മീരില്‍നിന്ന് കിട്ടാവുന്ന സീറ്റുകള്‍ സമാഹരിച്ച് മറ്റ് പാര്‍ട്ടികളെ ഒപ്പം കൂട്ടി ഭരണത്തിലേറാം എന്നായിരുന്നു ബി.ജെ.പിയുടെ കണക്കൂട്ടല്‍. ഇത് മുന്നില്‍കണ്ടാണ് അഞ്ച് പേരെ ലെഫ്. ഗവര്‍ണറെക്കൊണ്ട് നാമനിര്‍ദേശം ചെയ്യിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഈ കണക്കുകൂട്ടലുകളെല്ലാം അപ്പാടെ തെറ്റി. നിയമസഭാ തിരഞ്ഞെടുപ്പുപ്രക്രിയ പൂര്‍ത്തിയായാല്‍ എല്ലാ അധികാരങ്ങളും സര്‍ക്കാരിനാണ്. നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളുടെ പേരുകള്‍ സര്‍ക്കാര്‍ ലെഫ്. ഗവര്‍ണര്‍ക്ക് അയക്കുന്നതാണ് നടപടിക്രമം. ഇതിനുപകരം സര്‍ക്കാര്‍ നിലവില്‍വരുന്നതിനുമുന്‍പ് ലെഫ്. ഗവര്‍ണര്‍ മുന്‍കൂട്ടി നാമനിര്‍ദേശം ചെയ്യാനുള്ള നീക്കമാണു നടന്നത്. ഇത് ഫൗള്‍ പ്ലേ ആണെന്നാണ് ഇന്ത്യ സഖ്യം ആരോപിച്ചത്. ഇന്ത്യ സഖ്യം കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ ലെഫ്.ഗവര്‍ണര്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറിയേക്കും.
വിജയത്തേരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും കൈകോര്‍ത്തത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ തിരഞ്ഞെടുപ്പിന് ശേഷം പി.ഡി.പിയുമായി സഖ്യത്തിന് തയ്യാറാണെന്ന് പോലും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. സഖ്യമുണ്ടോ എന്ന ചോദ്യത്തിന് എന്തുകൊണ്ടില്ല എന്ന മറുപടിയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള നല്‍കിയത്. അതില്‍ തന്നെ പാര്‍ട്ടിയുടെ നയം വ്യക്തമായിരന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് പ്രവര്‍ത്തിക്കുന്നതെന്നും തിരഞ്ഞെടുപ്പില്‍ എതിരാളികളായാല്‍പ്പോലും അത് ഒരു സഖ്യത്തെ ബാധിക്കില്ലെന്നും കൂടി ഫറൂഖ് അബ്ദുള്ള വ്യക്തമാക്കുന്നുണ്ട്. അതായത് ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. മുഖ്യമന്ത്രിയാകാനില്ലെന്നും ശക്തമായ ഒരു സര്‍ക്കാരിനെ രൂപീകരിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
ഇന്ത്യ സഖ്യമെന്ന നിലയിലാണ് നാഷണല്‍ കോണ്‍ഫറസന്‍സ് കോണ്‍ഗ്രസിന് കൈകൊടുത്തത്. ഹിന്ദുഭൂരിപക്ഷ മേഖലയായ കശ്മീരിലും മുസ്ലീം ഭൂരിപക്ഷ മേഖലയായ കശ്മീരിലും കൃത്യമായ സീറ്റ് വിഭജനവും അവര്‍ നടത്തി. കശ്മീര്‍ മേഖലയില്‍ നാഷണല്‍ കോണ്‍ഫറസന്‍സ് കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ ജമ്മു മേഖയില്‍ കൂടതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസാണ് മത്സരിച്ചത്. ഒപ്പം മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറിനിന്ന ഒമര്‍ അബ്ദുള്ള മത്സരിക്കുകയും കൂടി ചെയ്തതോടെ കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായി. ലോക്സഭ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ജമ്മു-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഒമര്‍ ശപഥമെടുത്തിരുന്നു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശപഥം മറന്ന് ഒമര്‍ രണ്ട് മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയത്. മത്സരിച്ച രണ്ട് സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെ ജമ്മു കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് ഒമര്‍ നടത്തിയിരിക്കുന്നത്. ഒമറിന്റെ ഈ നേട്ടം നാഷണല്‍ കോണ്‍ഫറന്‍സിനും ഇന്ത്യാ സഖ്യത്തിനും മാത്രമല്ല, അബ്ദുള്ള കുടുംബത്തിനും വളരെ നിര്‍ണായകമാണ്.
പി.ഡി.പിയേയും സഖ്യത്തില്‍ ചേരാന്‍ ക്ഷണിച്ചിരുന്നെങ്കിലും സീറ്റ് വിഭജനമാണ് വിലങ്ങുതടിയായത്. അതോടെയാണ് മെഹ്ബൂബ മുഫ്തിയുടെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചത്. എന്നാല്‍ അവര്‍ രണ്ട് സീറ്റുകളില്‍ ഒതുങ്ങി. കഴിഞ്ഞ തവണ അധികാരം പിടിക്കാന്‍ ബിജെപിയുമായി കൈകോര്‍ത്തതാണ് അവര്‍ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. തൊണ്ണൂറംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 46 സീറ്റുകളാണ്. നാഷണല്‍ കോണ്ഫറന്്- കോണ്‍ഗ്രസ് സഖ്യം 51 സീറ്റുകളോടെ കേവലഭൂരിപക്ഷം പിടിച്ച സാഹചര്യത്തില്‍ പി.ഡി.പി സംസ്ഥാന രാഷ്ട്രീയത്തില്‍ തീര്‍ത്തും അപ്രസക്തമായിപോകാനും സാധ്യതയുണ്ട്.

