ഹരിയാണയിൽ പ്രവചിച്ചത് ബിജെപിക്ക് വൻ തകര്‍ച്ച, കശ്മീരിൽ തൂക്കുസഭ; പാളിപ്പോയ എക്സിറ്റ് പോളുകൾ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മറ്റൊരു എക്‌സിറ്റ് പോള്‍ ദുരന്തമായി മാറിയ കാഴ്ചയാണ് ഹരിയാണ-ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പിലെ ഫലം. ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മിക്ക എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളും പാളിപ്പോയ സ്ഥിതിയാണുള്ളത്.
ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് എതിരാണ് ജനവിധിയെന്നായിരുന്നു പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍. ഹരിയാണയില്‍ ഹാട്രിക് ഭരണം ലക്ഷ്യമിട്ട ബി.ജെ.പി.ക്ക് വന്‍ തിരിച്ചടിയാണ് എല്ലാ പ്രധാന പോളുകളും പ്രവചിച്ചിരുന്നത്. എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ പോലും കാറ്റില്‍പറത്തിയാണ് ഭരണവിരുദ്ധ വികാരത്തെ പോലും അതിജീവിച്ച് ബി.ജെ.പി മിന്നും വിജയം നേടിയത്.
കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനായിരുന്നു എക്‌സിറ്റ് പോളുകള്‍ മുന്‍തൂക്കം കല്‍പിച്ചത്. എന്നാല്‍ തൂക്കു സഭയ്ക്കുള്ള സാധ്യതയാണ് പല എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. എന്നാല്‍ നാഷണല്‍ കോണ്‍ഫ്രന്‍സ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് ഏറെക്കുറേ ഉറപ്പായി. ഹരിയാണയില്‍എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം പൂര്‍ണമായി പാളിയെങ്കിലും കശ്മീരില്‍ ഭാഗികമായി ശരിയായി എന്നുമാത്രമേ പറയാനാകൂ.
ഹരിയാണ
10 വര്‍ഷത്തിന് ശേഷം ഹരിയാണയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു പ്രധാനപ്പെട്ട എല്ലാ എക്‌സിറ്റ് പോളുകലും പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് തരംഗമെന്നായിരുന്നു പ്രവചനം. ഏതാണ്ട് എല്ലാ എക്‌സിറ്റ് പോളുകളിലും കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റുകള്‍ നേടുമെന്നാണ് പറഞ്ഞിരുന്നത്.
ദൈനിക് ഭാസ്‌കറിന്റെ എക്സിറ്റ് പോള്‍ ഹരിയാണയില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ചിരുന്നു. കോണ്‍ഗ്രസ് 44 മുതല്‍ 54 വരെ സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു പ്രവചനം. ബി.ജെ.പി 15 മുതല്‍ 29 സീറ്റുവരെ സ്വന്തമാക്കുമെന്നും ജെ.ജെ.പി. പൂജ്യം മുതല്‍ ഒരു സീറ്റ് വരെയും ഐ.എന്‍.എല്‍.ഡി. ഒന്ന് മുതല്‍ അഞ്ച് സീറ്റ് വരേയും മറ്റുള്ളവര്‍ നാല് മുതല്‍ ഒന്‍പത് സീറ്റ് വരെ നേടുമെന്നും ഫലം സൂചിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് 55 മുതല്‍ 62 സീറ്റുവരെ നേടുമെന്നായിരുന്നു റിപ്പബ്ലിക്ക് ടിവി- മാട്രൈസ് എക്സിറ്റ് പോള്‍ ഫലം. ബി.ജെ.പി. 18 മുതല്‍ 24 സീറ്റുവരെയും നേടും. ജെ.ജെ.പി. മൂന്ന് സീറ്റുകള്‍ വരേയും ഐ.എന്‍.എല്‍.ഡി. മൂന്ന് മുതല്‍ ആറ് സീറ്റ് വരേയും മറ്റുള്ളവര്‍ രണ്ട് മുതല്‍ അഞ്ച് സീറ്റ് വരേയും നേടുമെന്നും എക്സിറ്റ്പോള്‍ ഫലം പ്രവചിച്ചിരുന്നു.
കോണ്‍ഗ്രസ് 50 മുതല്‍ 64 സീറ്റുവരെ നേടുമെന്നായിരുന്നു ധ്രുവ് റിസര്‍ച്ച് എക്സിറ്റ് പോള്‍ ഫലം. ബിജെപി 22 മുതല്‍ 32 സീറ്റുവരെയും നേടുമെന്നും മറ്റുള്ളവര്‍ രണ്ട് മുതല്‍ എട്ട് സീറ്റുകള്‍വരെ നേടുമെന്നും പറഞ്ഞു. പീപ്പിള്‍ പ്ലസിന്റെ കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസിന് 49 മുതല്‍ 61 വരെ സീറ്റുകളാണ് പ്രവചിച്ചിരുന്നത്. ബി.ജെ.പി 20 മുതല്‍ 32 സീറ്റുകള്‍ വരേയും എഎന്‍എല്‍ഡി രണ്ട് മുതല്‍ മൂന്ന് സീറ്റ് വരേയും ജെജെപി പൂജ്യം മുതല്‍ ഒരു സീറ്റ് വരേയും മറ്റുള്ളവര്‍ മൂന്ന് മുതല്‍ ഏഴ് സീറ്റുകള്‍ വരേയും നേടുമെന്നുമായിരുന്നു കണക്ക്.
ജമ്മു കശ്മീര്‍
പത്തുവര്‍ഷത്തിനുശേഷം തിരഞ്ഞെടുപ്പ് നടന്ന കശ്മീരില്‍ നാഷണല്‍ കോണ്‍ഫ്രന്‍സ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക് എത്തുകയാണ്. ഹരിയാണയില്‍ പൂര്‍ണമായി പിഴച്ചെങ്കിലും കശ്മീരില്‍ ഏറെക്കുറേ എക്‌സിറ്റ് പോളുകള്‍ ശരിയായി. മുന്‍തൂക്കം പ്രവചിച്ചപ്പോഴും കോണ്‍ഗ്രസ് സഖ്യത്തിന് കേവല ഭൂരിപക്ഷം നേടാനാകില്ലെന്നായിരുന്നു ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നീക്കത്തേയും കോണ്‍ഗ്രസ് കരുതലോടെയായിരുന്നു കണ്ടത്.
ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 35 മുതല്‍ 40 വരെ സീറ്റുകള്‍ നേടുമെന്നാണ് ദൈനിക് ഭാസ്‌കറിന്റെ എക്സിറ്റ് പോള്‍ പ്രവചിച്ചത്. ബി.ജെ.പി 20 മുതല്‍ 25 സീറ്റുവരെ നേടുമെന്നും പിഡിപി നാല് മുതല്‍ ഏഴ് വരെ സീറ്റുകളും മറ്റുള്ളവര്‍ 12 മുതല്‍ 18 സീറ്റ് വരെ നേടുമെന്നുമാണ് പ്രവചിച്ചിരുന്നത്.
പീപ്പിള്‍ പ്ലസിന്റെ കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് സഖ്യം 46 മുതല്‍ 50 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബി.ജെ.പി 23 മുതല്‍ 27 സീറ്റുകള്‍ വരേയും പി.ഡി.പി. ഏഴ് മുതല്‍ 11 സീറ്റ് വരേയും മറ്റുള്ളവര്‍ നാല് മുതല്‍ 10 സീറ്റുകള്‍ വരേയും നേടുമെന്നാണ് പ്രവചനം. സീ വോട്ടര്‍ പ്രവചനം അനുസരിച്ച് കോണ്‍ഗ്രസ് സഖ്യം 40 മുതല്‍ 48 സീറ്റുകള്‍ നേടുമെന്നായിരുന്നു. ബി.ജെ.പി 27 മുതല്‍ 32 സീറ്റുകള്‍ വരേയും പി.ഡി.പി ആറ് മുതല്‍ 12 സീറ്റുകള്‍ വരേയും നേടുമെന്നായിരുന്നു പ്രവചനം. മറ്റുള്ളവര്‍ക്ക് ആറ് മുതല്‍ 11 വരെ സീറ്റുകളും സീ വോട്ടര്‍ പ്രവചിച്ചിരുന്നു.
റിപ്പബ്ലിക്ക് ടിവി മാട്രൈസ് എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് കോണ്‍ഗ്രസ് സഖ്യം 31 മുതല്‍ 36 സീറ്റുവരെ നേടുമെന്നും ബി.ജെ.പി. 28 മുതല്‍ 30 സീറ്റുവരെയും പി.ഡി.പി അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍ വരേയും മറ്റുള്ളവര്‍ എട്ട് മുതല്‍ 16 സീറ്റുകള്‍ വരേും നേടുമെന്നുമായിരുന്നു പ്രവചനം.

