ദേശീയപാതയുടെ സർവീസ്‌റോഡുകൾ ടൂവേ തന്നെ: വീതി ആറര മീറ്റർ മാത്രം

മലപ്പുറം: പുതുതായി നിർമിച്ച ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സർവീസ് റോഡുകൾ ടൂവേ പാതകളാണെന്ന് ദേശീയപാതാ അധികൃതർ അറിയിച്ചു. വിവരാവകാശ അപേക്ഷയുടെ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും ഇതിനെച്ചൊല്ലി വാഹനമോടിക്കുന്നവർ തമ്മിൽ സംഘർഷമുണ്ടാവുന്നുണ്ട്.
ദേശീയപാതാ നിർമാണത്തിന് മുൻപ് പ്രാദേശികയാത്രകൾക്ക് ഉപയോഗിച്ചിരുന്ന റോഡിന് പലയിടത്തും എട്ടും ഒൻപതും മീറ്റർ വീതിയുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴുള്ള സർവീസ് റോഡുകൾക്ക് ആറരമീറ്റർ മാത്രമാണ് വീതി. ചിലയിടങ്ങളിൽ അതുപോലുമില്ല.
ചെറിയദൂരംമാത്രം ഓടുന്ന മിനിലോറികളും ബസുകളും മറ്റു വാഹനങ്ങളും മാത്രമാണ് ഇപ്പോൾ സർവീസ്റോഡ് ഉപയോഗിക്കുന്നത്. വലിയൊരു വിഭാഗം ഓട്ടോറിക്ഷകളും ബൈക്കുകളും ദേശീയപാതയിലൂടെയാണ് പോകുന്നത്. എന്നിട്ടും ഇപ്പോൾത്തന്നെ സർവീസ് റോഡുകളിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഈ സാഹചര്യത്തിൽ ട്രാക്ടർ, ഓട്ടോ, ബൈക്ക് തുടങ്ങിയവയെല്ലാം സർവീസ് റോഡിലൂടെമാത്രം പോകേണ്ടിവരുമ്പോൾ കുരുക്ക് രൂക്ഷമാവും.
ദേശീയപാതയുടെ വീതി 65 മീറ്റർ എന്നത് കേരളത്തിൽ 45 മീറ്റർ ആക്കിയത് ഏറ്റവുമധികം ബാധിച്ചത് സർവീസ് റോഡിന്റെ വീതിയെയാണ്.
ഗതാഗതപ്രശ്നം വന്നാൽ പരിഹാരമുണ്ടാവും
നിലവിൽ സർവീസ് റോഡുകൾ ടൂവേ ആണ്. വീതികുറഞ്ഞ ഇടങ്ങളിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. എവിടെയെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചേർന്ന് ചർച്ച നടത്തും. ആവശ്യമുള്ള ഇടങ്ങളിൽ വൺ വേ ആക്കും.
-പി.പി.എം. അഷ്‌റഫ്, (ദേശീയപാതാ ലെയ്‌സൺ ഓഫീസർ)

