KSDLIVENEWS

Real news for everyone

കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ച്‌ കേന്ദ്രം

SHARE THIS ON

തിരുവനന്തപുരം: കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക.സർവീസ് അനുവദിച്ച കേന്ദ്ര സർക്കാരിന് രാജീവ് നന്ദി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് രാജീവ് ഇക്കാര്യം അറിയിച്ചത്.

ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേയ്‌ക്ക് കേരളത്തില്‍ നിന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യം ഒരു മാസം മുൻപ് റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നുവെന്നും രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

നവംബ‍ർ പകുതിയോടെ ഈ ട്രെയിൻ സ‍ർവീസ് തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാത്രമല്ല, മറ്റ് ഗതാഗത മാ‍ർഗങ്ങള്‍ തേടുന്നവ‍ർക്ക് അമിത യാത്രാക്കൂലിയും നല്‍കേണ്ടി വരുന്നുണ്ട്.

പുതിയ വന്ദേഭാരത് സർവീസ് ബംഗളൂരു മലയാളികളെ സംബന്ധിച്ച്‌ ഏറെ ആശ്വാസകരമാകും. കേരളത്തിന്‍റെ സമഗ്ര വികസനം മുന്നില്‍ക്കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സ‍ർക്കാരിന് ഒരിക്കല്‍ കൂടി നന്ദി പറയുന്നുവെന്നും രാജീവ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!