രാഷ്ട്രീയം നേരിടാൻ അടവുമാറ്റി എൻഫോഴ്സ്മെന്റ്

കൊച്ചി: സ്വര്‍ണക്കടത്തുകേസ് പൂര്‍ണമായും രാഷ്ട്രീയമായി നീങ്ങിയതോടെ അടവുമാറ്റി എന്‍ഫോഴ്സ്മെന്റും. കേരളത്തിന്റെ മുഴുവന്‍ നിയന്ത്രണാധികാരമുള്ള കൊച്ചി മേഖലാ ഓഫീസിന് പുതിയ മേധാവിയെ നിയമിച്ചുകൊണ്ടാണ് നീക്കം. അഹമ്മദാബാദ് ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന മനീഷ് ഗോധാരയെയാണ് കൊച്ചിയുടെ പുതിയ ജോയന്റ് ഡയറക്ടറായി നിയമിച്ചിരിക്കുന്നത്.
ലൈഫ് മിഷന് ഫയലുകള്‍ വിളിച്ചു വരുത്തിയതിനാലാണ് നിയമസഭ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി ഇ.ഡി.യില്‍ നിന്ന് വിശദീകരണം തേടിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരും എന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശ്വസ്തനായ ജോയന്റ് ഡയറക്ടറെ അഹമ്മദാബാദില്‍ നിന്ന് കേരളത്തില്‍ നിയമിച്ചത്.

