KSDLIVENEWS

Real news for everyone

‘കോവിഡല്ല, മോദിയുടെ നോട്ട് നിരോധനമാണ് രാജ്യത്തിന്റെ സമ്പദ് ഘടന തകര്‍ത്തത്’ ‘-രാഹുല്‍

SHARE THIS ON

ന്യൂഡൽഹി: നോട്ട്നിരോധന വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാല് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചില ‘മുതലാളിത്ത സുഹൃത്തുക്കളെ’ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ നോട്ട് നിരോധനമെന്ന നീക്കം ഇന്ത്യൻ സമ്പദ് വ്യവസ്ഥ നശിപ്പിച്ചെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
2016-ലെ നോട്ട് നിരോധനം ജനതാത്പര്യം കണക്കിലെടുത്തല്ലെന്നും രാജ്യത്തിന്റെ സമ്പദ്ഘടന അതുമൂലം തകർന്നെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്ന ഇന്ത്യയെ ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥ എങ്ങനെ മറികടന്നുവെന്നും രാഹുൽ ചോദിച്ചു.
കോവിഡാണ് സാമ്പത്തിക തകർച്ചയുടെ കാരണമെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയാണെങ്കിൽ ബംഗ്ലാദേശിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കോവിഡുണ്ടായിരുന്നില്ലേയെന്നും രാഹുൽ ചോദിച്ചു. കോവിഡല്ല കാരണം, നോട്ട് നിരോധനവും ജിഎസ്ടിയുമാണ്, രാഹുൽ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വീഡിയോയിലൂടെ പറഞ്ഞു.
‘നാല് വർഷം മുമ്പ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് നേരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഹരം തുടങ്ങി. കർഷകരേയും തൊഴിലാളികളേയും ചെറുകിട കച്ചവടക്കാരേയും അദ്ദേഹം വേദനിപ്പിച്ചു. മൻമോഹൻ സിങ്ജി പറഞ്ഞു സമ്പദ് ഘടനയ്ക്ക് 2% ത്തിന്റെ നഷ്ടമുണ്ടാകുമെന്ന്. അതാണിപ്പോൾ നമ്മൾ കാണുന്നത്’ രാഹുൽ പറഞ്ഞു.
കള്ളപ്പണത്തിനെതിരെയുള്ള ആക്രമണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ അതങ്ങനല്ലായിരുന്നുവെന്നും രാഹുൽ പറഞ്ഞു.
“അത് പച്ച കള്ളമായിരുന്നു. അക്രമണം ജനങ്ങൾക്ക് നേരെയായിരുന്നു. ജനങ്ങളുടെ പണമെടുത്ത് പ്രധാനമന്ത്രി മോദി തന്റെ രണ്ടു മൂന്ന് ചങ്ങാത്ത മുതലാളിമാർക്ക് നൽകി. നിങ്ങളാണ് വരിയിൽ കാത്തു നിന്നത്. അവരല്ല. നിങ്ങൾ ബാങ്കുകളിൽ നിക്ഷേപിച്ച പണമെടുത്ത് മോദി തന്റെ ചങ്ങാത്ത മുതലാളിമാരുടെ 3,50,000 കോടി രൂപയുടെ വായ്പ എഴുതി തള്ളി” രാഹുൽ ആരോപിച്ചു.
‘തെറ്റായ ജിഎസ്ടി നടപ്പാക്കിയതിലൂടെ ചെറുകിട ഇടത്തരം ബിസിനസുകൾ നശിച്ചു. അത് അദ്ദേഹത്തിന്റെ കുറച്ച് മുതലാളിത്ത സുഹൃത്തുക്കൾക്ക് വഴിതെളിച്ചു. പുതിയ നിയമം കൊണ്ടുവന്ന് ഇപ്പോൾ കർഷകരേയും ലക്ഷ്യമിട്ടിരിക്കുകയാണ്. അവരെയും നശിപ്പിക്കും. ഇന്ത്യയുടെ അഭിമാനത്തെ-സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു’ കോൺഗ്രസ് നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!