ഇടത് ഐക്യത്തിനായി പലസ്തീന്‍ വിഷയത്തില്‍ ഒരുമിച്ച് ഇടതുപാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ഇടത് ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സംയുക്ത പരിപാടികള്‍ക്ക് തുടക്കമിട്ട് ഇടതുപാര്‍ട്ടികള്‍. പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് സി.പി.എം., സി.പി.ഐ., സി.പി.എം.എല്‍., ആര്‍.എസ്.പി., അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ അഞ്ച് ഇടതുപാര്‍ട്ടികള്‍ ചേര്‍ന്ന് ഐക്യവേദിയുണ്ടാക്കി. വെള്ളിയാഴ്ച വരെ സംസ്ഥാന തലത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഡല്‍ഹിയില്‍ ചൊവ്വാഴ്ച നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ യോഗത്തില്‍ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പുകളില്‍ വിലപേശല്‍ ശേഷി വര്‍ധിപ്പിക്കാനും വോട്ട് ബാങ്കിനെ ഏകോപിപ്പിച്ചു നിര്‍ത്താനും ദേശീയതലത്തില്‍ ‘ഇടതുപക്ഷ’മായി ഒന്നിച്ചുനില്‍ക്കാന്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ അടുത്തിടെ ധാരണയിലെത്തിയിരുന്നു. ഐക്യധാരണയ്ക്ക് ശേഷം ദേശീയതലത്തില്‍ നടന്ന ആദ്യ സംയുക്ത യോഗമാണ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി ഇടതുപക്ഷത്തെ പരമാവധി ശക്തിപ്പെടുത്താനാണ് ശ്രമം. പ്രാദേശിക ഭിന്നതകള്‍ മറന്ന് ദേശീയതലത്തില്‍ ഒരുമിക്കാനും പരമാവധി സംസ്ഥാനങ്ങളില്‍ സഹകരിച്ചുപ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലം വരെ ദേശീയതലത്തില്‍ ഇടതുപക്ഷം ശക്തമായിരുന്നു. 2011-ല്‍ ബംഗാളില്‍ ഇടതുപക്ഷത്തിനു ഭരണം നഷ്ടപ്പെട്ടതോടെയാണ് അതു ദുര്‍ബലമായിത്തുടങ്ങിയത്. ത്രിപുരയിലും പുറത്തായതോടെ ഭരണം കേരളത്തില്‍ മാത്രമായി. പിന്നാലെ ഇടതുപാര്‍ട്ടികള്‍ വെവ്വേറെ പിരിഞ്ഞു. പാര്‍ട്ടി രേഖകളില്‍ ഐക്യം പറയുമെങ്കിലും പ്രവര്‍ത്തനത്തില്‍ നടപ്പാകാറില്ലായിരുന്നു. ചിതറി നില്‍ക്കുന്നത് ഗുണം ചെയ്യുന്നില്ലെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ ഇടതുപക്ഷമായി നിലയുറപ്പിക്കാനുള്ള നീക്കം. നിലവില്‍ കേരളത്തില്‍ മാത്രമാണ് ഇടതുപാര്‍ട്ടികളിലെ കക്ഷികള്‍ വിരുദ്ധ ചേരികളില്‍ നില്‍ക്കുന്നത്. ആ വിയോജിപ്പ് ദേശീയതലത്തില്‍ ബാധിക്കില്ലെന്നാണ് നേതാക്കളുടെ പക്ഷം. പലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ പലസ്തീനിലേത് യുദ്ധമല്ലെന്നും വംശഹത്യയാണെന്നും ഡല്‍ഹിയില്‍ നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ യോഗത്തില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രണ്ട് സേനകള്‍ തമ്മില്‍ നടക്കുന്നതാണ് യുദ്ധം. ഇസ്രയേല്‍ സേന ഏകപക്ഷീയമായി പലസ്തീന്‍ ജനതയെ കൊന്നൊടുക്കുകയാണ്. അഭയാര്‍ഥി ക്യാമ്പുകളും ആശുപത്രികളും പോലും ആക്രമിക്കുന്നു. അതിനു കോടികളാണ് അമേരിക്കയും സാമ്രാജ്യത്വ ശക്തികളും സഹായമെന്ന പേരില്‍ ഇസ്രയേലിനു നല്‍കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരേ ഇന്ത്യയില്‍ ആക്രമണം നടത്തുന്ന ഹിന്ദുത്വയും പലസ്തീനികളെ ആക്രമിക്കുന്ന സയനിസവും സ്വാഭാവിക കൂട്ടുകക്ഷികളാണ്. അടിയന്തര വെടിനിര്‍ത്തലിനും സഹായമെത്തിക്കുന്നതിനും ഇന്ത്യ സമ്മര്‍ദം ചെലുത്തണമെന്നും യെച്ചൂരി പറഞ്ഞു. ഗാന്ധിജിയുടെ കാലം മുതല്‍ ഇസ്രയേലിനൊപ്പം നില്‍ക്കുന്നതാണ് ഇന്ത്യയുടെ നിലപാടെന്നും മോദി സര്‍ക്കാര്‍ ആ നിലപാടില്‍ വെള്ളം ചേര്‍ക്കുകയാണെന്നും സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. സി.പി.ഐ.എം.എല്‍. ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍, ആര്‍.എസ്.പി. നേതാവ് പ്രകാശ് റാവു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇടത് പിന്തുണയ്ക്ക് ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ അബു അല്‍ഹൈജ യോഗത്തില്‍ നന്ദിയറിയിച്ചു.

