KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് ;
ജില്ലയിലെ നെഞ്ചിടിപ്പേറുന്ന പഞ്ചായത്തുകൾ; കഴിഞ്ഞ തവണ ഒരു സീറ്റിനു വരെ ഭരണം കൈവിട്ടുപോയ പഞ്ചായത്തുകൾ

SHARE THIS ON

കാസർഗോഡ് • വോട്ടിങ് ദിനം അടുത്തതോടെ നെഞ്ചിടിപ്പേറുന്ന പഞ്ചായത്തുകളുണ്ട് ജില്ലയിൽ . കഴിഞ്ഞ തവണ ഒരു സീറ്റിനു വരെ ഭരണം കൈവിട്ടുപോയ പഞ്ചായത്തുകൾ തിരികെ പിടിക്കാനുള്ള അവസാനവട്ട നെട്ടോട്ടത്തിലാണ് മുന്നണികൾ . ഭരണം ആർക്കു ലഭിക്കുമെന്നു പ്രവചിക്കാൻ കഴിയാത്ത സ്ഥിതി . ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന പഞ്ചായത്തുകൾ പിടിച്ചെടുക്കാൻ ഒരുങ്ങി 3 മുന്നണികളും രംഗത്തുണ്ട് . ദേലംപാടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന ദേലംപാടി പഞ്ചായത്ത് ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്ന് പ്രവചനാതീതം . പഞ്ചായത്ത് ഭരണം നേടുമെന്ന് 3 മുന്നണികളും പ്രതീക്ഷിക്കുന്നു . 70 ൽ താഴെ വോട്ടുകൾക്ക് നഷ്ടപ്പെട്ട 3 വാർഡുകൾഇത്തവണ പിടിച്ചെടുത്ത് 11 സീറ്റുകളുമായി ഭരണത്തുടർച്ചയാണ് എൽഡിഎഫ് അവകാശപ്പെടുന്നത് . 16 വാർഡുകളുളള പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 8 സീറ്റുകൾ നേടിയ എൽഡിഎഫ് വലിയ കക്ഷി എന്ന നിലയിലാണ് ഭരണം നടത്തിയത് . എന്നാൽ കഴിഞ്ഞ തവണ 12 വോട്ടുകൾക്ക് നഷ്ടപ്പെട്ട ഒന്നാം വാർഡ് ഉൾപ്പെടെ 3 വാർഡുകളെങ്കിലും ഇത്തവണ പുതിയതായി നേടുമെന്ന് യുഡിഎഫും പറയുന്നു . 3 അംഗങ്ങളെ നിലവിലുള്ളൂ എങ്കിലും ബിജെപിയും വലിയ പ്രതീക്ഷയിലാണ് . അദ്ഭുതം സൃഷ്ടിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ അവകാശവാദം . കേന്ദ്രമന്ത്രി വി . മുരളീധരനെ അടക്കം എത്തിച്ച് പ്രചാരണം നടത്തിയത് ഇതിന്റെ ഭാഗമാണ് മുളിയാർ വലത്തോട്ട് മാത്രം വീശിയിരുന്ന മുളിയാറിലെ രാഷ്ട്രീയ കാറ്റ് ഇടത്തോട്ട് വീശാൻ തുടങ്ങിയത് 2010 മുതലാണ് . 2010 ൽ മുസ്ലിം ലീഗ് വിമതന്റെ സഹായത്തോടെ 5 വർഷം ഭരിച്ച് എൽഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒപ്പത്തിനൊപ്പം നിൽക്കാനായി . 15 അംഗ ഭരണസമിതിയിൽ 7 വീതം സീറ്റുകൾ എൽഡിഎഫും യുഡിഎഫും നേടിയപ്പോൾ ഒരെണ്ണം ബിജെപിയും സ്വന്തമാക്കി . നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനും ലഭിച്ചു . ഇത്തവണ ഭൂരിപക്ഷത്തോടെ ഭരണം നേടുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ . കഴിഞ്ഞ തവണ ആഭ്യന്തര പ്രശ്നങ്ങൾ മൂലം നഷ്ടപ്പെട്ട 14 ാം വാർഡ് തിരിച്ചുപിടിക്കുമെന്നാണ് എൽഡിഎഫ് പറയുന്നത് . ഇതിനൊപ്പം മുസ്ലിം ലീഗിന്റെ കൈവശമുള്ള 15 ാം വാർഡ് കൂടി നേടി ഭരണം പിടിക്കാനാണ് എൽഡിഎഫിന്റെ ശ്രമം . 3 വാർഡുകളിലാണ് ശക്തമായ മത്സരമുള്ളത് . കാറഡുക്ക് 10 വർഷത്തിനിടയിൽ 4 പ്രസിഡന്റുമാർ അധികാരത്തിലിരുന്ന കാറഡുക്ക പഞ്ചായത്തിന്റെ മനസ്സ് ആർക്കും പിടികൊടുക്കുന്നില്ല . രണ്ടര വർഷം മുൻപ് എൽഡിഎഫും യുഡിഎഫും ഒരുമിച്ചു ചേർന്ന് പിടിച്ചെടുത്ത ഭരണം തിരിച്ചുപിടിക്കുക ബിജെപിക്ക് അഭിമാന പ്രശ്നമാണ് . അംഗ ഭരണസമിതിയിൽ 7 സീറ്റുള്ള ബിജെപിയാണ് നിലവിലെ വലിയ കക്ഷി . നിലവിൽ എൽഡിഎഫിന്റെ കയ്യിലുള്ള 6 ാം വാർഡ് കൂടി നേടി കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ അവകാശവാദം . എന്നാൽ യുഡിഎഫിന്റെ രണ്ടും ബിജെപിയുടെ ഒരു സീറ്റും കൂടി ഭരണം പിടിക്കുമെന്ന് എൽഡിഎഫും പ്രതീക്ഷ പുലർത്തുന്നു . 6 സീറ്റുകളുമായി എറ്റവും വലിയ കക്ഷിയാക്കാമെന്നാണ് യുഡിഎഫ് ക്യാംപിലെ പ്രതീക്ഷ . പുല്ലൂർ പെരിയ 2010 ൽ യുഡിഎഫ് ഭരണസമിതി നടപ്പിലാക്കിയ വികസനത്തുടർച്ചയ്ക്ക് വോട്ടുതേടിയ യുഡിഎഫിനെ ഞെട്ടിക്കുന്നതായിരുന്നു പുല്ലൂർ പെരിയ പഞ്ചായത്തിൽ 2015 ലെ തിരഞ്ഞെടുപ്പു ഫലം . 17 ൽ 11 വാർഡുകളിലും എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫിനു നഷ്ടമായത് ഉറച്ചതെന്നു കരുതിയ കല്യോട്ട് , കൂടാനം , കൊടവലം , ചാലിങ്കാൽ വാർഡുകളാണ് . ഇതിൽ കൂടാനവും ചാലിങ്കാലും നഷ്ടപ്പെട്ടത് നിസാരവോട്ടുകൾക്കും . കഴിഞ്ഞതവണ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളെ പഴിച്ച യുഡിഎഫ് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് . നഷ്ടപ്പെട്ട വാർഡുകൾ തിരിച്ചു പിടിക്കുന്നതിനു പുറമേ പെരിയ ടൗൺ , കുമ്പള വാർഡുകളിൽ ഇത്തവണ അട്ടിമറി വിജയം നേടാനാകുമെന്നാണു യുഡിഎഫ് പ്രതീക്ഷ . കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്നാണു എൽഡിഎഫ് പറയുന്നതെങ്കിലും പെരിയ ഇരട്ടക്കൊലപാതകം പ്രധാനചർച്ചാവിഷയമാകുന്ന പഞ്ചായത്തിൽ പാർട്ടി
പ്രതിരോധത്തിലാണെന്ന് സിപിഎം നേതൃത്വം തന്നെ സമ്മതിക്കുന്നു . ഉദുമ ഒരു സീറ്റിന്റെ അധിക ബലത്തിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉദുമ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തത് . 21 അംഗ ഭരണ സമിതിയിൽ യുഡിഎഫ് ( മുസ്ലിംലീഗ് 6 , കോൺഗ്രസ് 5 ) , ഇടതു മുന്നണി 10 സീറ്റ് ( സിപിഎം 10 ) എന്നിങ്ങനെയായിരുന്നു കക്ഷി നില . കഴിഞ്ഞ തവണ നഷ്ടമായ ബേക്കൽ വാർഡ് തിരിച്ചു പിടിക്കുമെന്നു ഇടതുമുന്നണിയും ഇടതു മുന്നണി പിടിച്ചെടുത്ത മാങ്ങാട് തിരിച്ചു പിടിക്കുമെന്ന് യുഡിഎഫും അവകാശവാദം ഉന്നയിക്കുന്നു . എൻഡിഎയുടെയും യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകളിൽ വിള്ളൽ വീഴ്ത്തി വാർഡ് നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള ശ്രമത്തിൽ ആണ് 3 മുന്നണികളും . കുമ്പടാജെ 13 സീറ്റുകളുള്ള കുമ്പടാജെ പഞ്ചായത്തിൽ ബിജെപിയേക്കാൾ ഒരു സീറ്റ് കൂടുതൽ നേടിയാണ് യുഡിഎഫ് കഴിഞ്ഞ തവണ ഭരിച്ചത് . ഇവിടെ 2015 2020 ൽ യുഡിഎഫിന് 7 , ബിജെപിക്ക് 6 സീറ്റുകളുമാണ് ലഭിച്ചത് . ലീഗിന് 5 , കോൺഗ്രസിന് 2 സീറ്റുകളുമാണ് നേടിയത് . എൻമകജെ പഞ്ചായത്തിൽ കഴിഞ്ഞ തവണ യുഡിഎഫിനും ബിജെപിക്കും 7 വീതം സീറ്റുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിയ്ക്ക് ലഭിച്ചത് . 2018 വരെ ഭരിച്ച് ബിജെപി ഭരണം , യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിനു സിപിഎം പിന്തുണ നൽകിയതോടെ അവസാനിച്ചു . തുടർന്ന് യുഡിഎഫ് ഭരണ സമിതി നിലവിൽ വന്നു . അവിശ്വാസത്തെ 3 എൽഡിഎഫ് അംഗങ്ങളാണ് പിന്തുണച്ചത് . 2 സിപിഎം അംഗവും 1 സിപിഐ അംഗവുമായിരുന്നു എൽഡിഎഫിലുണ്ടായിരുന്നത് . ബിജെപിയെ താഴെയിറക്കുന്നതിനു സിപിഎം പിന്തുണച്ചപ്പോൾ ഭരണസമിതി നിലവിൽ വരുന്നതിനു സിപിഐയാണ് പിന്തുണച്ചത് . കോൺഗ്രസിന് 4 , ലീഗിനു 3 സീറ്റുകളാണ് ലഭിച്ചത് .17വാർഡുകളാണിവിടെയുള്ളത് . വലിയപറമ്പ് പഞ്ചായത്തിൽ കഴിഞ്ഞ തവണ യുഡിഎഫിന് ഭരണം നേടിക്കൊടുത്തത് ഏഴാം വാർഡാണ് . ഈ വാർഡിൽ കോൺഗ്രസിലെ പി.പി.ശാരദയും സിപിഎമ്മിലെ എം.ദീപയും തമ്മിലുള്ള പോരാട്ടത്തിൽ 14 വോട്ടിന്റെ ബലത്തിൽ വിജയം യുഡിഎഫിനെ അനുഗ്രഹിച്ചപ്പോൾ പഞ്ചായത്ത് ഭരണവും യുഡിഎഫിനൊപ്പം പോന്നു . പഞ്ചായത്തിൽ ആകെയുള്ള 13 സീറ്റിൽ കഴിഞ്ഞ തവണ യുഡിഎഫിന് 7 സീറ്റുകൾ നേടാനായി . ഏഴാമത്തെ സീറ്റ് ഏഴാം വാർഡായിരുന്നു . യുഡിഎഫിൽ മുസ്ലിം ലീഗിന് നാലും കോൺഗ്രസിന് മൂന്നും . സിപിഎമ്മിന് 6 സീറ്റുമായി പ്രതിപക്ഷത്തേക്കു മാറേണ്ടി വന്നു . സിപിഎം കുടുംബാംഗമായ പി.പി.ശാരദയെ യുഡിഎഫ് സ്ഥാനാർഥിയാക്കിയത് പഞ്ചായത്ത് ഭരണം പിടിക്കാനാണ് . കണക്കു കൂട്ടൽ തെറ്റിയില്ല.വലിയപറമ്പ് മിക്കപ്പോഴും ഒരു സീറ്റിന്റെ ബലത്തിൽ ഭരണം മാറി മറിഞ്ഞിട്ടുണ്ട് . എൽഡിഎഫും യുഡിഎഫും മാറിമാറി ഭരണം നടത്തുന്ന പഞ്ചായത്തായി വലിയപറമ്പ് മാറിയതും ഈ നൂലിഴ വ്യത്യാസത്തിലാണ് . ഇത്തവണയും പോരാട്ടം കനത്തതു തന്ന് . അതിർത്തി പഞ്ചായത്തുകൾ അതിർത്തി പഞ്ചായത്തുകളിൽ ഫലം പ്രവചനാതീതം . ഭരണം പിടിച്ചെടുക്കാൻ ഒരുങ്ങി മൂന്ന് മുന്നണികളും . വൊർക്കാടി , മീഞ്ച , പൈവളികെ പഞ്ചായത്തുകളിൽ 3 മുന്നണികളും മത്സരം കടുപ്പിക്കുന്നു . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് പഞ്ചായത്തുകളിലും ഒറ്റയ്ക്ക് ഒരു മുന്നണിക്കും ഭരിക്കാനുള്ള സീറ്റ് ലഭിച്ചിരുന്നില്ല . ബിജെപിയെ മാറ്റി നിർത്താൻ യുഡിഎഫും എൽഡിഎഫും ഭരണം ഒരുക്കാൻ തന്ത്രപരമായ നീക്കം ഒരുക്കിയതിനെത്തുടർന്ന് പൈവളികെ സിപിഎമ്മും വോർക്കാടി , മീഞ്ച പഞ്ചായത്തുകൾ യുഡിഎഫും ഭരിച്ചു . വോർക്കാടിയിലെ 16 സീറ്റുകളിൽ മുസ്ലിം ലീഗ് 4 , കോൺഗ്രസ് 2 , കേരള കോൺഗ്രസ് ( മാണി ) 1 എന്നിങ്ങനെ യുഡിഎഫിന് 7 സീറ്റ് ലഭിച്ചപ്പോൾ സിപിഎം 3 , സിപിഐ 1 , ബിജെപി 3 , സ്വത 2 എന്നിങ്ങനെയായിരുന്നു ബാക്കി സീറ്റ് നില , മീഞ്ചയിൽ കോൺഗ്രസ് 4 , ലീഗ് 3 , ബിജെപി 4 , സിപിഎം 2 , സിപിഐ 2 എന്നതായിരുന്നു സീറ്റ് നില . ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോൾ യുഡിഎഫ് അധികാരമേറ്റു . പൈവൊളികയിൽ സിപിഎം 5 , സിപിഐ 2 , ലീഗ് 3 , കോൺഗ്രസ് 1 , ബിജെപി 8 എന്നിങ്ങനെയാണ് സീറ്റ് ലഭിച്ചത് . ഇവിടെ സിപിഎം ഭരണം നടത്തി . ഈ പഞ്ചായത്തുകളിൽ മുൻകാലങ്ങളിൽ 3 മുന്നണികളിൽപ്പെട്ടവരും ഭരണം നടത്തിയിട്ടുണ്ട് . ഈ തിരഞ്ഞെടുപ്പിൽ മുന്നണികൾ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രപരമായ പോരാട്ടമാണ് നടത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!