കെ-റെയിലിന് ഭൂമി വിട്ടുകൊടുക്കല്‍: എതിര്‍ത്ത് ദക്ഷിണ റെയില്‍വേ

റെയിൽവേ ബോർഡിന്റെ തീരുമാനം ദക്ഷിണ റെയിൽവേയുടെ എതിർപ്പ് മറികടന്ന്
തിരുവനന്തപുരം: അർധ അതിവേഗ തീവണ്ടിപ്പാതയായ സിൽവർലൈനിന് റെയിൽവേ ഭൂമി വിട്ടുകൊടുക്കാനുള്ള റെയിൽവേ ബോർഡ് തീരുമാനം ദക്ഷിണ റെയിൽവേയുടെ എതിർപ്പ് അവഗണിച്ച്. ഭാവിയിലെ റെയിൽവേ വികസനത്തിന് സ്ഥലം ആവശ്യമായതിനാലാണ് സ്ഥലം കൈമാറുന്നതിനെ ദക്ഷിണ റെയിൽവേ അധികൃതർ എതിർത്തിരുന്നത്.
റെയിൽവേ ഭൂമിയിൽ സർവേ നടത്താനും ആവശ്യമുള്ള സ്ഥലം അടയാളപ്പെടുത്തി അതിർത്തിക്കല്ലുകൾ സ്ഥാപിക്കാനുമാണ് അനുമതി നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കുകയും ചെയ്തു. കെ-റെയിൽ ഉദ്യോഗസ്ഥർക്കൊപ്പം സർവേയിൽ പങ്കെടുക്കാൻ റെയിൽവേ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. സർവേ നടപടികൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കും.
457 ഏക്കർ റെയിൽവേ ഭൂമിയാണ് പദ്ധതിക്കുവേണ്ടത്. തിരൂർ മുതൽ കാസർകോടുവരെ നിലവിലെ റെയിൽവേ പാളത്തിന് സമാന്തരമായിട്ടാണ് അർധ അതിവേഗ തീവണ്ടിപ്പാത കടന്നുപോകുന്നത്. കൊച്ചുവേളി, കഴക്കൂട്ടം, മുരുക്കുംപുഴ ഭാഗങ്ങളിലും കോട്ടയത്തും ഇതേരീതിയിൽ സിൽവർലൈൻ റെയിൽപ്പാതയുമായി അടുപ്പം പാലിക്കുന്നുണ്ട്. ഭാവിയിലെ റെയിൽവേ വികസനത്തിന് ആവശ്യമില്ലാത്തതും സിൽവർലൈനിന് ആവശ്യമുള്ളതുമായ ഭൂമിയാണ് തിട്ടപ്പെടുത്തുന്നത്. നിലവിലെ റെയിൽപ്പാതയെ കെ-റെയിൽ മുറിച്ചുകടക്കുന്നുമുണ്ട്.സംസ്ഥാനത്തെ റെയിൽവേ വികസനത്തിന്റെ നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോൾ കെ-റെയിലിന് ഭൂമി വിട്ടുകൊടുക്കുന്നതിന് വലിയ തടസ്സമുണ്ടാകില്ല.
കെ-റെയിലിന് എതിരേ ആക്ഷൻകൗൺസിൽ
കോട്ടയം: സിൽവർ ലൈനിനുവേണ്ടി റെയിൽവേ ഭൂമി വിട്ടുകൊടുക്കുന്നതിന് റെയിൽവേ ബോർഡ് അംഗീകാരം നൽകിയെന്ന രീതിയിൽ കെ -റെയിൽ അധികാരികൾ വ്യാജപ്രചാരണം നടത്തുകയാണെന്ന് ആക്ഷൻ കൗൺസിൽ. റെയിൽവേ ഭൂമിയിൽ അതിര് കല്ലിട്ട് വേർതിരിക്കണമെന്ന് കെ റെയിൽ ബോർഡ് മുമ്പാകെ ആവശ്യപ്പെടുകയാണ് ചെയ്തത്. അത് അംഗീകരിച്ചതായി റെയിൽവേ അധികാരികൾ പറയുന്നില്ല.
തങ്ങൾ ദക്ഷിണ റെയിൽവേ അധികാരികളുമായി ബന്ധപ്പെട്ടപ്പോൾ അറിയിച്ചത് അഭ്യർഥന ഉണ്ടായെന്ന് മാത്രമാണ്. വസ്തുത ഇതായിരിക്കെ തെറ്റായ പ്രചാരണമാണ് കെ റെയിൽ അധികാരികൾ നടത്തുന്നത്. കഴിഞ്ഞദിവസവും റെയിൽവേയിൽനിന്ന് ലഭിച്ച വിവരാവകാശപ്രകാരം, പദ്ധതിക്ക് ഒരു അംഗീകാരവും നൽകിയിട്ടില്ലെന്നാണ് വ്യക്തമാക്കിയതെന്ന് നിയമപോരാട്ടം നടത്തുന്ന മുളക്കുളം സ്വദേശി എം.ടി. തോമസ് അറിയിച്ചു. പദ്ധതിയിൽ നീതി ആയോഗും ധനമന്ത്രാലയവും ഉന്നയിച്ച സംശയങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ കെ റെയിലിന് കഴിഞ്ഞിട്ടില്ല. പദ്ധതിച്ചെലവ് അടക്കമുള്ള കാര്യങ്ങളിൽ സംശയം ബാക്കിയാണ്.
വൻകിട പദ്ധതികളിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരം വേണമെന്നിരിക്കെ സിൽവർ ലൈനിനുവേണ്ടി ഭൂമി അളന്നുതിരിക്കുന്ന നടപടികൾ നിയമ വിരുദ്ധമാണ്. ഹരിത ട്രിബ്യൂണലും കേസ് പരിഗണിച്ചുകൊണ്ടിരിക്കുകയാണ് -തോമസ് ചൂണ്ടിക്കാട്ടി.

