KSDLIVENEWS

Real news for everyone

പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന മറുപടികള്‍ കര്‍ഷകരെ പരിഹസിക്കുന്നത്- രാഹുല്‍ ഗാന്ധി

SHARE THIS ON

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ കേന്ദ്ര സർക്കാർ നൽകുന്ന മറുപടികൾ കർഷകരെ പരിഹസിക്കുന്നതിന് തുല്യമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ ഉന്നയിച്ച ചോദ്യങ്ങളെ തള്ളിക്കളഞ്ഞ സർക്കാർ തങ്ങളുടെ താത്പര്യത്തിന് അനുസരിച്ചു മാത്രം മറുപടി നൽകുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമോ? എം.എസ്.പി സംബന്ധിച്ച നിലപാട് എന്താണ്? കോവിഡ് എങ്ങനെയാണ് കാർഷിക മേഖലയെ ബാധിച്ചത് തുടങ്ങിയ ചോദ്യങ്ങളാണ് താൻ ചോദിച്ചത്. എന്നാൽ ആദ്യ രണ്ട് ചോദ്യങ്ങൾക്കും മറുപടി പറയാതെ മൂന്നാമത്തെ ചേദ്യത്തിന് മാത്രമാണ് ഉത്തരം നൽകിയതെന്ന് രാഹുൽ കുറ്റപ്പെടുത്തി.


മഹാമാരിക്കാലത്ത് ഒരു പ്രശ്നവുമില്ലാതെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ നടന്നുവെന്ന് കേന്ദ്രം പറയുന്നത് എന്ത് തമാശയാണെന്നും രാഹുൽ ചോദിച്ചു. പ്രക്ഷോഭത്തിൽ മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും കുടുംബത്തിലെ ഒരാൾക്ക് വീതമെങ്കിലും ജോലി നൽകാനും തയ്യാറാകണമെന്നും കേന്ദ്ര സർക്കാരിനോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

പ്രക്ഷോഭത്തിൽ മരിച്ച കർഷകരുടെ കൃത്യമായ എണ്ണം പോലും കേന്ദ്ര സർക്കാരിന്റെ പക്കൽ ഇല്ലെന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു. തെറ്റ് സമ്മതിച്ച പ്രധാനമന്ത്രി കർഷകരോട് മാപ്പ് പറഞ്ഞു. പക്ഷേ എത്ര കർഷകർ മരിച്ചുവെന്ന് കേന്ദ്രത്തിന് അറിയില്ല, രാഹുൽ കുറ്റപ്പെടുത്തി. കർഷകരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!