KSDLIVENEWS

Real news for everyone

ഡോ. ഷഹ്‌നയുടെ ഓർമകളിൽ നെഞ്ചുരുകി സഹപാഠികൾ

SHARE THIS ON

തിരുവനന്തപുരം: രണ്ടുദിവസം മുൻപുവരെ കൂടെയുണ്ടായിരുന്ന സുഹൃത്ത്… അവൾക്കായി ഒരു സായാഹ്നത്തിൽ വിറയാർന്ന വിരലുകളാൽ മെഴുകുതിരി തെളിയിക്കേണ്ടിവരിക. ഉള്ളിലെ വിതുമ്പലുകൾ അടക്കിപ്പിടിച്ച് പ്രിയസുഹൃത്ത് ഡോ. ഷഹ്‌നയ്ക്കായി അവർ ഓർമപ്പൂക്കൾ അർപ്പിച്ചു. മെഡിക്കൽ കോളേജ് കാംപസിൽ ചേർന്ന അനുസ്മരണച്ചടങ്ങിലാണ് ഡോ. ഷഹ്‌നയുടെ സ്മരണകളുമായി സുഹൃത്തുക്കളും അധ്യാപകരും ഒത്തുചേർന്നത്. ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളുമായി തങ്ങളോടൊപ്പം ചേർന്നുനിന്ന സുഹൃത്തിനെയാണ് അവർക്ക് നഷ്ടമായത്. മാനസികമായി അവൾ കടന്നുപോയ വേദനകൾ പലരും അറിയാതെ പോയതായി സുഹൃത്തുക്കൾ പറഞ്ഞു. ഇനിയൊരിക്കലും മറ്റൊരു സഹപാഠിക്കും ആദരാഞ്ജലികളർപ്പിക്കേണ്ടിവരരുതെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണമെന്നും വിദ്യാർഥികളും അധ്യാപകരും ഒത്തുചേർന്നു പറഞ്ഞു. സമൂഹത്തെ ചികിത്സിച്ച് ഭേദമാക്കുന്നവരാണ് ഡോക്ടർമാർ. എന്നാൽ, കൂട്ടത്തിലൊരാളുടെ പ്രശ്‌നങ്ങൾ തിരിച്ചറിയാൻ കഴിയാതെ പോയത് വേദനാജനകമാണ്. കൂടെയുള്ളവരെ കേൾക്കാനും കാണാനും ചേർത്തുപിടിക്കാനും സുഹൃത്തുക്കൾ ശ്രമിക്കണം. സ്ത്രീധനം എന്ന അത്യാഗ്രഹം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അത്യാഗ്രഹമുള്ളവർ ചോദിച്ചുകൊണ്ടേയിരിക്കും. അതിന് എതിർശബ്ദമാകാനുള്ള ആർജവമുണ്ടാകാൻ കൂട്ടായി പരിശ്രമിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളോടും മെഡിക്കൽ കോളേജും അനുബന്ധ സംഘടനകളും സഹകരിക്കുമെന്നും അനുസ്മരണച്ചടങ്ങിൽ വിവിധ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!