കാനത്തിന് അന്ത്യാഭിവാദ്യമർപിച്ച് മുഖ്യമന്ത്രി, കണ്ണീരോടെ നേതാക്കൾ; മൃതദേഹം നാളെ തലസ്ഥാനത്തെത്തിക്കും

കൊച്ചി: അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറിക്ക് കാനം രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കാനം ചികിത്സയിലിരുന്ന കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിയാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ത്യോപചാരം അര്‍പ്പിച്ചത്. എറണാകുളം മണ്ഡലത്തിലെ നവകേരളസദസ്സ് നടക്കുന്ന മറൈന്‍ ഡ്രൈവില്‍നിന്ന് നേരിട്ടെത്തിയാണ് മന്ത്രിമാര്‍ അന്ത്യോപചാരം അര്‍പ്പിച്ചത്. കൊച്ചി അമൃത ആശുപത്രിയിലെ ജീവനക്കാര്‍ക്കായുള്ള പ്രവേശനകവാടത്തിലാണ് പൊതുദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്. വികാരനിര്‍ഭരമായിരുന്നു മന്ത്രിമാരുടെയും നേതാക്കളുടെയും അന്ത്യാഭിവാദനം. കാനത്തിന്റെ മൃതദേഹത്തിനരികില്‍നിന്ന മന്ത്രി കെ. രാജന്‍ കണ്ണീരണിഞ്ഞു. പ്രമുഖ സി.പി.ഐ, കോണ്‍ഗ്രസ്, സി.പി.എം. നേതാക്കള്‍ എല്ലാവരും കൊച്ചിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കാനത്തിന്‍റെ ഭൗതികദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച മുഖ്യമന്ത്രി മുഷ്ടിചുരിട്ടി അഭിവാദ്യമര്‍പ്പിച്ചു. ശനിയാഴ്ച രാവിലെ എട്ടിന് വിമാനമാര്‍ഗം കൊച്ചിയില്‍നിന്ന് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ആദ്യം ജഗതിയിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടുവരെ പി.എസ്. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഞായറാഴ്ചയാണ് വാഴൂരിലെ വീട്ടില്‍ സംസ്‌കാരം.

