ആദ്യഘട്ടത്തിൽ ജില്ലയിൽ 5750 പേർക്ക് പ്രതിരോധ കുത്തിവെപ്പ്: മുന്നൊരുക്കം പൂർണം; ജില്ലയിൽ ഡ്രൈ റൺ വിജയം

കാസർഗോഡ് • കോവിഡ് പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ വിജയകരമായി ഡ്രൈ റൺ നടത്തി.
കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, ചിറ്റാരിക്കൽ കുടുംബാരോഗ്യകേന്ദ്രം, കാസർകോട് കിംസ് ആസ്പത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റൺ സംഘടിപ്പിച്ചത്. കോവിഡ് വാക്‌സിനേഷന്റെ എല്ലാ നടപടിക്രമങ്ങളും അതേ രീതിയിൽ ആവിഷ്കരിക്കുകയായിരുന്നു മൂന്ന് കേന്ദ്രങ്ങളിലും.
സ്വകാര്യമേഖലയിലേതുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും ആശാപ്രവർത്തകർ ഉൾപ്പെടെയുള്ള ഫീൽഡുതല വൊളന്റിയർമാർക്കും അങ്ങനെ 5750 പേർക്കാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്.
ജില്ലാ ആസ്പത്രിയിൽ നടന്ന പരിപാടിയിൽ എ.ഡി.എം. എൻ. ദേവീദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി. രാംദാസ്, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. കെ. പ്രകാശ്, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. മുരളീധര നെല്ലൂരായ, ജില്ലാ ആസ്പത്രി ആർ.എം.ഒ. ഡോ. ശ്രീജിത്ത് മോഹൻ, ഹൊസ്ദുർഗ് സബ് ഇൻസ്‌പെക്ടർ സി. ബാലകൃഷ്ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ്കുട്ടി, പബ്ലിക്ക് ഹെൽത്ത് നഴ്‌സ് ദാക്ഷായണി എന്നിവർ നേതൃത്വം നൽകി.
ചിറ്റാരിക്കൽ കുടുംബാരോഗ്യകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ, വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, ഡോ. കെ. ജോൺ, ഡോ. സൂര്യാ രാഘവൻ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.ടി. ശ്രീനിവാസൻ, പബ്ലിക് ഹെൽത്ത് നഴ്‌സ് ഗീതാമണി എന്നിവരും കാസർകോട് കിംസ് ആസ്പത്രിയിൽ ജനറൽ ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം, ഡോ. നിർമൽ, ഡോ. നാരായണ നായ്ക്, ഡോ. മാത്യു ജെ. വാളമ്പറമ്പിൽ എന്നിവരും നേതൃത്വം നൽകി.
കോവിഡ് വാക്‌സിൻ നൽകുന്നതിന്റെ മുന്നോടിയായി കാസർകോട് കിംസ് ആസ്പത്രിയിൽ നടന്ന ഡ്രൈ റൺ വിവിധ ഘട്ടങ്ങളിലായി നടന്നപ്പോൾ 1. വാക്‌സിൻ സ്വീകരിക്കുന്നയാളിനെ സ്വീകരിക്കുന്നു 2. വന്നയാളിന്റെ ആധാർ വിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്നു 3. ആരോഗ്യപ്രവർത്തക ഡിസ്‌പോസിബിൾ സിറിഞ്ചിൽ കോവിഡ് വാക്‌സിൻ മരുന്ന് ശേഖരിക്കുന്നു 4. കോവിഡ് വാക്‌സിൻ മരുന്ന് കുത്തിവെക്കുന്നു 5. കോവിഡ് വാക്‌സിൻ മരുന്ന് കുത്തിവെച്ചവരെ പ്രത്യേകമായി തയ്യാറാക്കിയ മുറിയിൽ അരമണിക്കൂർ നേരത്തേക്ക് നിരീക്ഷിക്കുന്നു -ഫോട്ടോകൾ: രാമനാഥ് പൈ

