കൊള്ളാവുന്നതാണേല്‍ 10 ദിവസം വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചാലെന്താ- വിമര്‍ശിച്ച് കെ.എം. ഷാജി

കോഴിക്കോട്: കലോത്സവവുമായി ബന്ധപ്പെട്ട വെജ്-നോണ്‍ വെജ് ഭക്ഷണവിവാദത്തില്‍ രൂക്ഷപ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. വെജിറ്റേറിയന്‍ ഭക്ഷണം പത്തുദിവസം കഴിച്ചാല്‍ എന്താണ് പ്രശ്നമെന്ന് ഷാജി ആരാഞ്ഞു.
നാലഞ്ചു ദിവസമല്ലേ ഈ യുവജനോത്സവം നടക്കുന്നത്. എന്താ ഈ വെജിറ്റേറിയന്‍ തിന്നാല്‍… പത്തുദിവസം തിന്നാലെന്താ? കൊള്ളാവുന്ന ഭക്ഷണമാണെങ്കില്‍ വെജ് ആണെങ്കില്‍ എന്താ- ഷാജി ആരാഞ്ഞു.
അയാള്‍ (പഴയിടം മോഹനന് നമ്പൂതിരി) ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതിനെ, അതിനെയും വര്‍ഗീയവത്കരിച്ച്. അതിന്റെ പേരില്‍ ഏറ്റെടുക്കാന്‍ മുസ്ലിങ്ങള്‍ക്കിടയില്‍നിന്ന് കുറച്ചാളുകളെ അങ്ങോട്ടു കൊണ്ടുപോയി… എന്തിനാണ് ഇത്. സഖാക്കള്‍ ആലോചിച്ച് നോക്ക്.. നിങ്ങള്‍ ഈ നാട് ഇതെന്താക്കാനാണ് ശ്രമിക്കുന്നത്. എന്തുതരത്തില്‍ അപകടപ്പെടുത്താനാണ് ശ്രമിക്കുന്നത്, ഷാജി ചോദിച്ചു.

