ദുരൂഹ മരണം: തന്റേടമുണ്ടെങ്കില്‍ അമിത് ഷാ വെളിപ്പെടുത്തണം, മുഖ്യമന്ത്രി മറുപടി പറയണം’രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. സ്വർണക്കടത്ത് കേസിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹ മരണം സംബന്ധിച്ചുള്ള വാദങ്ങൾ ആർഎസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധം വെളിപ്പെടുത്തുന്നതാണെന്നും കെ.പി.സി.സി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സ്വർണക്കടത്ത് കേസിൽ ദുരൂഹമരണം ഉണ്ടായിട്ടുണ്ടെങ്കിൽ തുറന്ന് പറയാനുള്ള തന്റേടമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാണിക്കേണ്ടത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ പേരിൽ അത് ഒളിച്ചുവെക്കുന്നത് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
1980-ൽ കൂത്തുപറമ്പിൽ നിന്ന് പിണറായി ജനസംഘവുമായി കൈകോർത്ത് മത്സരിച്ചാണ് ജയിച്ചത്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായിട്ടുള്ള രഹസ്യബന്ധം ഈ നാട്ടിലെ ജനങ്ങൾക്കറിയാം. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള കോവളത്ത് സിപിഎമ്മിന്റെ ഓഫീസാണ് ബിജെപിയുടെതായി മാറിയത്. ആരാണ് ബിജെപിയുടെ വളർത്തിയതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പച്ചില കാട്ടി ആടിനെ കൊണ്ടുപോകുന്നത് പോലെയാണ് കോൺഗ്രസിനെ ബിജെപി കൊണ്ടുപോകുന്നത് എന്ന് പ്രസ്താവന പിണറായി വിജയൻ നടത്തി. ഇതുപോലൊരു നാണം കെട്ട പ്രസ്താവന പിണറായിക്കല്ലാതെ ആർക്കും നടത്താനാവില്ല. മലർന്നുകിടന്ന് തുപ്പുകയാണ് അദ്ദേഹം. കോൺഗ്രസിന് ഒരിക്കലും ഹിന്ദുമഹാ സംഘവുമായി, ജനസംഘവുമായിട്ടൊന്നും ബന്ധമുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു
ലാവലിൻ കേസ് 26 തവണ മാറ്റിവെച്ചത് എന്തുകൊണ്ടാണെന്നും സ്വർണക്കടത്ത് കേസ് ഇഴയുന്നത് എന്ത് കൊണ്ടണെന്നും ഇപ്പോൾ വ്യക്തമാകുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ചോദ്യമല്ല ഉത്തരമാണ് ജനങ്ങൾക്ക് വേണ്ടതെന്ന് ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു

