KSDLIVENEWS

Real news for everyone

രാജ്യസഭാ തിരഞ്ഞെടുപ്പ് പുതിയ സര്‍ക്കാര്‍ വന്നിട്ട്: നിയമോപദേശം ലഭിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

SHARE THIS ON

കൊച്ചി: സംസ്ഥാനത്ത് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിയമോപദേശം ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. പുതിയ സർക്കാർ വന്നതിനുശേഷം തിരഞ്ഞെടുപ്പ് നടത്തുന്നതാണ് ധാർമികതയെന്ന് നിയമമന്ത്രാലയം നിർദേശിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

നിലവിലെ അംഗങ്ങളുടെ കാലാവധി തീരും മുൻപ് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി തീരുന്നത്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കേട്ട കോടതി ഇതിൽ അന്തിമ തീർപ്പ് പറയും.

നേരത്തെ മൂന്ന് രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടത്തുമെന്ന് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ തീരുമാനം മരവിപ്പിച്ചിരുന്നു. നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം മരവിപ്പിച്ചത്. തുടർന്ന് നിലവിലെ അംഗങ്ങളുടെ വിരമിക്കലിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു.

വിജ്ഞാപനം വന്ന് 19 ദിവസങ്ങൾക്ക് ശേഷമേ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുകയുള്ളു. ഏപ്രിൽ 21ന് തൊട്ടുമുമ്പുള്ള ദിവസമാണ് വിജ്ഞാപനം വരുന്നതെങ്കിൽ 19 ദിവസം കഴിഞ്ഞ് മാത്രമേ നിയമസഭയിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താൻ കഴിയു. മേയ് രണ്ടിനാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. അതിനാൽ നിലവിലെ നിയമസഭാ അംഗങ്ങൾക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സാധിച്ചേക്കില്ല. ഇക്കാര്യമാണ് സംസ്ഥാന സർക്കാരും നിയമസഭാ സെക്രട്ടേറിയേറ്റും പ്രധാനമായും കോടതിയിൽ നേരത്തെ ചൂണ്ടിക്കാണിച്ചത്. നിലവിലെ സാഹചര്യത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാൻ സാധിക്കും. എന്നാൽ പുതിയ നിയമസഭയ്ക്കാണ് യഥാർഥ ജനഹിതമെന്നാണ് നിയമമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് നിയമോപദേശം നൽകിയിരിക്കുന്നത്.

വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നിവരുടെ ഒഴിയുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!