അമിതവേഗത്തിൽ പായുന്നതിനിടെ സെൽഫിയെടുക്കാൻ ശ്രമം ; ബൈക്ക് അപകടത്തിൽ 17 കാരന് ദാരുണമരണം

ലക്നൗ: രണ്ട് ചങ്ങാതിമാർക്കൊപ്പം അമിതവേഗത്തിൽ പായുന്ന ബൈക്കിൽ സെൽഫിയെടുക്കാൻ ശ്രമിക്കവെ പതിനേഴുകാരന് അപകടത്തിൽ ദാരുണമരണം. ഉത്തർപ്രദേശിലെ ബദായൂം ജില്ലയിലാണ് സംഭവം. 17കാരനായ ഷൊയേബ് ആണ് അപകടത്തിൽ മരിച്ചത്. ഷൊയേബും രണ്ട് ചങ്ങാതിമാരും ബൈക്കിൽ അമിതവേഗത്തിൽ പോകവെ അപകടമുണ്ടായി. മൂന്ന്പേർക്കും ഗുരുതര പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഷൊയേബ് മരണമടഞ്ഞു.
ബൈക്ക് അതിവേഗം പോകവെ വാഹനം ഓടിച്ചിരുന്ന യുവാവിന് പിന്നാലെ ഇരുന്ന ഷൊയേബ് എഴുന്നേറ്റ് നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവെ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. മറ്റ് വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ പരാതികൾ ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഷൊയേബിന്റെ കുടുംബം പോസ്റ്റ്മോർട്ടം വേണ്ടെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് മൃതദേഹം ഉടനെ സംസ്കരിച്ചു.
ബൈക്ക് ഓടിച്ചയാൾക്കെതിരെ അമിത വേഗത്തിൽ വാഹനമോടിച്ചതിനും പൊതു സ്വത്തിന് നാശമുണ്ടാക്കിയതിനും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ദൃക്സാക്ഷികളില്ലെന്നും പൊലീസ് പറഞ്ഞു.

