KSDLIVENEWS

Real news for everyone

ഓടുപൊളിച്ചല്ല കെവി തോമസ് പാ‍ലമെന്റില്‍ പോയത്; അധിക്ഷേപിക്കുന്നത് ശരിയല്ല: കെ മുരളീധരന്‍

SHARE THIS ON

കണ്ണൂര്‍ : സിപിഎം പാ‍ര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി പോകുന്ന കെവി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരന്‍. പാ‍ര്‍ട്ടിയിലെ അദ്ദേഹത്തെ സേവനങ്ങളെ വിലമതിക്കാതിരിക്കരുതെന്നും പല പ്രതിസന്ധിഘട്ടകളിലും കെവി തോമസിന്റെ ഇടപെടലുകളുണ്ടായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. ഓടുപൊളിച്ചല്ല കെവി തോമസ് പാ‍ര്‍ലമെന്റില്‍ പോയത്. ജനങ്ങളുടെ പിന്തുണയുള്ളത് കൊണ്ടാണ് അത് സാധ്യമായത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ ജനപിന്തുണ ആവശ്യമില്ല. പകരം എംഎല്‍എമാരുടെ ഭൂരിപക്ഷം മതി. പക്ഷേ ലോക്സഭയിലേക്കും നിയമസഭയിലേക്കും ജയിക്കണമെങ്കില്‍ ജനപിന്തുണ വേണം. കെവി തോമസിന് അതുണ്ടായിരുന്നു.

ഏറെക്കാലമായി കൂടെയുള്ള സഹപ്രവര്‍ത്തകനാണ് കെവി തോമസ്. സ്വാഭാവികമായും അദ്ദേഹം വിട്ടു പോകുന്നതില്‍ പ്രയാസമുണ്ട്. അധികാരം മോഹിക്കാത്ത ആരും രാഷ്ട്രീയത്തില്‍ ഇല്ല. പക്ഷേ അദ്ദേഹത്തിന്റെ ചില വിഷമങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഈ വയസില്‍ ഇങ്ങനെയൊരു വേഷം കെട്ടണോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും മുരളീധരന്‍ കൂട്ടിച്ചേ‍ര്‍ത്തു.


അതേ സമയം, കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചത് കൊണ്ടാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പറഞ്ഞു. താന്‍ കോണ്‍ഗ്രസുകാരനായി തുടരും. കോണ്‍ഗ്രസുകാരനായിരിക്കാന്‍ സ്ഥാനമാനങ്ങള്‍ ആവശ്യമില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നന്മയുള്ളവനാണെന്നും എന്നാല്‍ അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ തിമിംഗലങ്ങളാണെന്നും കെവി തോമസ് തുറന്നടിച്ചു.

തന്റെ പാര്‍ലമെന്ററി ജീവിതം അവസാനിച്ചെന്നും കെവി തോമസ് വ്യക്തമാക്കി. അതിനാല്‍ തന്നെ തൃക്കാക്കര തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യം പ്രസക്തമല്ല. ഇനി ഒരു പാര്‍ലമെന്ററി തെരഞ്ഞെടുപ്പിനില്ലെന്ന് വ്യക്തമാക്കിയ മുന്‍ കേന്ദ്രമന്ത്രി, താനൊരു ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കില്‍ തന്നെയാരും തൊടില്ലായിരുന്നുവെന്നും പറഞ്ഞു. താന്‍ ഗ്രൂപ്പില്‍ നിന്നു മാറുന്നതാണ് പ്രശ്നം. കേരളത്തിലെ ഗ്രൂപ്പുകള്‍ ചേര്‍ന്ന് തന്നെ വളയുകയാണ്. പിണറായി വിജയനെ കെ റെയില്‍ കൊണ്ടു വരുന്നു എന്നത് കൊണ്ട് മാത്രം എതിര്‍ക്കരുത്. ന്യൂനതകള്‍ ചൂണ്ടിക്കാട്ടാം. പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയാണ്. ഒരു സ്ഥാനവും സി പി എം ഓഫര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കുമെന്ന് പറഞ്ഞത് മുതല്‍ കെ സുധാകരനടക്കമുള്ളവര്‍ തന്നെ ഗണ്‍പോയിന്റില്‍ നിര്‍ത്തി. തിരുത തോമയെന്ന് തുടരെ തുടരെ അപമാനിച്ചു. സോഷ്യല്‍ മീഡിയയിലും അപമാനിച്ചു. താന്‍ കോണ്‍ഗ്രസുകാരനാണ്. സ്ഥാനമാനങ്ങളില്‍ നിന്ന് പുറത്താക്കാം. പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാനാവില്ല. നടപടികളെ ഭയക്കുന്നില്ലെന്നും കെവി തോമസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!