കാസർകോട് ജനറൽ ആശുപത്രി വളപ്പിൽ നിന്നു മരം മുറിച്ചു കടത്തിയ കേസ്: അന്വേഷണം എങ്ങുമെത്തിയില്ല

കാസർകോട് ∙ ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിന്റെ പേരിൽ അനുമതിയില്ലാതെ തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു കടത്തിയ കേസിന്റെ അന്വേഷണം 2 മാസത്തോളമായിട്ടും എങ്ങുമെത്തിയില്ല. കേസിലെ മുഖ്യ പ്രതിയായ നിർമാണ കരാറുകാരന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ഇതുവരെ ഹാജരായില്ലെന്നു പൊലീസ് പറഞ്ഞു. അന്വേഷണം ഇഴയുന്നത് മരംമുറിക്കേസിലെ പ്രതി സംസ്ഥാന ഭരണത്തിലെ പ്രമുഖ പാർട്ടിയുടെ അനുഭാവിയായതിനാലാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 11,12 തീയതികളിലാണു കാസർകോട് ജനറൽ ആശുപത്രി വളപ്പിലെ 5 തേക്കും 2 വാകയും ഒരു പാഴ്മരവുമാണു മുറിച്ചു കടത്തിയത്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് മോഷണത്തിനു കേസെടുത്തിരുന്നു.പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിനുള്ള റോഡ് വികസിപ്പിക്കുന്നതിനാണു മരം മുറിച്ചത്. എന്നാൽ കരാർ നടപടികൾ പൂർണമായും പാലിക്കാതെ പൊതുഅവധി ദിവസത്തിൽ മരങ്ങൾ മുറിച്ചു മാറ്റിയ നടപടി വലിയ വിവാദമായിരുന്നു.
ഇതേ തുടർന്നു വിജിലൻസ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി ഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും തുടരന്വേഷണം തുടങ്ങിയില്ല. നടപടി ക്രമങ്ങൾ പാലിക്കാതെയാണു മരങ്ങൾ മുറിച്ചതെന്നു വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.വിജിലൻസും പൊലീസും സംഭവവുമായി ബന്ധപ്പെട്ട് നഗരസഭാ ഓഫിസിൽ നിന്നു അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ ഫയലുകൾ കസ്റ്റഡിയിലെടുത്തിരുന്നു.
അസി.എൻജിനീയർ വി.ഉപേന്ദ്രൻ ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മരമുറിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്കു ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.മുറിച്ചു കടത്തിയ മരത്തിന്റെ 28 കഷണങ്ങൾ വിദ്യാനഗറിൽ നിന്നു പൊലീസ് കണ്ടെടുത്തു സ്റ്റേഷനിലേക്കു മാറ്റിയിരുന്നു. മരങ്ങൾ മുറിച്ചയാളുകളെയും ഇവരെ ചുമതലപ്പെടുത്തിയവരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നുവെങ്കിലും തുടർ നടപടികൾ എടുക്കാൻ വൈകുന്നത് ചർച്ചയായിട്ടുണ്ട്.
മുൻകൂർ ജാമ്യവ്യവസ്ഥ പ്രകാരം കേസിലെ മുഖ്യ പ്രതി അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ഇതിനായി കുറച്ചു ദിവസം കാത്തിരിക്കുമെന്നും ഇല്ലെങ്കിൽ ഇതുസംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയതിനു ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു നീങ്ങുമെന്നു പൊലീസ് സൂചിപ്പിച്ചു.

