റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ പരാക്രമം; ടിക്കറ്റ് കൗണ്ടറിലെ ഗ്ലാസ് തകർത്തു

കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ യുവാവിന്റെ പരാക്രമം. ഉദ്യോഗസ്ഥനുമായി വാക്തർക്കത്തിൽ ഏർപ്പെട്ട യുവാവ് കൗണ്ടറിലെ ഗ്ലാസ് കൈകൊണ്ട് ഇടിച്ചുതകർത്തു. ഇതിനിടെ, ഗ്ലാസിന്റെ ചില്ലു കൊണ്ട് യുവാവിന്റെ കൈക്ക് ഗുരുതരമായി മുറിവേറ്റു. കാഞ്ഞങ്ങാട് ആവിയിലെ അനീസിനാണ് (22) പരിക്കേറ്റത്. ഇയാളെ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തുടർചികിത്സക്ക് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി റെയിൽവേ അധികൃതർ ഹോസ്ദുർഗ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചികിത്സയിലുള്ള യുവാവിന് പൊലീസ് കാവൽ ഏർപ്പെടുത്തി.

