KSDLIVENEWS

Real news for everyone

ഡൽഹിയിലെത്തിയ സതീശന് വൻ സ്വീകരണം: കെ.പി.സി.സി അധ്യക്ഷനെതിരേ പ്രകോപന മുദ്രാവാക്യം; തലസ്ഥാനത്ത് നാടകീയത

SHARE THIS ON

ന്യൂഡൽഹി: മുഖ്യമന്ത്രിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം മുറുകുന്നതിനിടെ വെള്ളിയാഴ്ച രാത്രിയിൽ ഡൽഹിയിൽ കണ്ടത് നാടകീയമായ സംഭവങ്ങൾ. ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയ നേതാക്കളിൽ ചിലർക്കെതിരേ അണികൾക്കിടയിൽനിന്നുണ്ടായ രോഷപ്രകടനമാണ് ഇപ്പോൾ കാൺഗ്രസിലെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നത്. വി.ഡി സതീശൻ അനൂകൂലികൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം.

കേന്ദ്ര നേതൃത്വത്തിന്റെ വിളി വന്നതിനെത്തുടർന്നാണ് വി.ഡി. സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തിയത്. ശനിയാഴ്ച നടക്കുന്ന നിർണായക യോഗങ്ങളിൽ പങ്കെടുക്കുന്നതിനായിരുന്നു ഇത്.

അർധരാത്രി ഡൽഹി കേരള ഹൗസിൽ വി.ഡി. സതീശന് ലഭിച്ച ആവേശകരമായ സ്വീകരണം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. അർധരാത്രി പിന്നിട്ടിട്ടും നൂറുകണക്കിന് എൻഎസ്‌യു, എംഎസ്എഫ് പ്രവർത്തകരാണ് അദ്ദേഹത്തെ സ്വീകരിക്കാൻ കാത്തുനിന്നത്. ‘വി.ഡി.എസ് നേതാവേ അങ്ങ് നയിക്കൂ’ എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റത്.

ഡൽഹിയിലെ പ്രമുഖ സർവ്വകലാശാലകളായ ജെഎൻയു, ജാമിയ മില്ലിയ, ഡൽഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ വലിയ പിന്തുണ വി.ഡി. സതീശനുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സ്വീകരണം. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഈ വിദ്യാർഥി സംഘടനകൾ ഡൽഹിയിൽ ഒത്തുചേർന്നത്.

അതേസമയം, കേരള ഹൗസിൽ നടന്ന ബഹളമയമായ സ്വീകരണങ്ങൾക്കിടയിൽ രമേശ് ചെന്നിത്തലയുടെ അസാന്നിധ്യം ശ്രദ്ധേയമായി. സാധാരണയായി ഡൽഹിയിലെത്തുമ്പോൾ കേരള ഹൗസിലെ 204-ാം നമ്പർ മുറിയിലാണ് അദ്ദേഹം താമസിക്കാറുള്ളത്. ഇന്നലെ ഈ മുറി അദ്ദേഹത്തിനായി ബുക്ക് ചെയ്തിരുന്നെങ്കിലും ചെന്നിത്തല അവിടെ താമസിക്കാൻ എത്തിയില്ല. പകരം അദ്ദേഹം തന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കേരള ഹൗസിലെത്തിയപ്പോഴും വി.ഡി. സതീശന് വേണ്ടിയുള്ള മുദ്രാവാക്യം വിളികളാണ് ഉയർന്നുകേട്ടത്. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ എതിർപ്പുള്ള നേതാക്കളോടുള്ള പ്രതിഷേധമായിരുന്നു വിദ്യാർഥികളുടെ മുദ്രാവാക്യംവിളിയിലുണ്ടായിരുന്നത്. കേരളത്തെ നയിക്കാൻ സതീശനെ അനുവദിക്കണമെന്നും അതിനെതിരെ ആര് പ്രവർത്തിച്ചാലും അവർക്കെതിരെയുള്ള പ്രതിഷേധമായി ഇതിനെ കണക്കാക്കാമെന്നുമായിരുന്നു പ്രവർത്തകരുടെ നിലപാട്. പാർട്ടിയെ നയിക്കാൻ ഏറ്റവും യോഗ്യൻ സതീശനാണെന്നും ഇവർ പറയുന്നു.

കേരളത്തിൽ നടക്കുന്ന പോസ്റ്റർ യുദ്ധത്തിന്റെയും പരസ്യമായ പ്രതിഷേധ പ്രകടനങ്ങളുടെയും തുടർച്ചയായിരുന്നു ഡൽഹിയിലും കണ്ടതെന്നാണ് വിലയിരുത്തൽ. വിദ്യാർഥി സംഘടനാ പ്രവർത്തകർ നടത്തിയ പ്രകോപനപരമായ മുദ്രാവക്യംവിളിക്കെതിരേ കടുത്ത അതൃപ്തിയാണ് കെപിസിസി അധ്യക്ഷനടക്കമുള്ള ഒരുവിഭാഗം നേതാക്കൾക്കുള്ളത്. കെപിസിസി അധ്യക്ഷന് നേരെയുള്ള ഭീഷണി മുദ്രവാക്യങ്ങളിൽ നേതൃത്വം അന്വേഷണം നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അതിനിടെ, ഇന്ന് ഹൈക്കമാൻഡ് യോഗം ചേരുന്നുണ്ട്. രാവിലെ 10 മണിയോടെ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലോ എഐസിസി ആസ്ഥാനത്തോ യോഗം ആരംഭിക്കും. നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് രാഹുൽ ഗാന്ധിക്ക് കൈമാറും. കേരളത്തിൽനിന്നുള്ള നേതാക്കളെ ഹൈക്കമാൻഡ് ഒറ്റയ്ക്കൊറ്റയ്ക്ക് വിളിച്ചു സംസാരിച്ച് അവരുടെ ഭാഗം കൂടി കേൾക്കാൻ സാധ്യതയുണ്ട്. സമവായത്തിൽ എത്താൻ സാധിച്ചാൽ ഇന്ന് രാത്രിയോ നാളെ രാവിലെയോ ഒരു വാർത്താക്കുറിപ്പിലൂടെ കേരളത്തിലെ പുതിയ നിയമസഭാ കക്ഷി നേതാവിനെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!