KSDLIVENEWS

Real news for everyone

ഇനി കേരള രാഷ്ട്രീയം പുതുപ്പള്ളിയിലേക്ക്; പോരിന് തയ്യാറായി മുന്നണികൾ

SHARE THIS ON

തിരുവനന്തപുരം: പോരിന് വീര്യംകൂട്ടി പുതുപ്പള്ളിയുടെ മണ്ണിലേക്ക് കേരള രാഷ്ട്രീയം തളംകെട്ടിനിൽക്കുന്ന 28 ദിവസമാണ് ഇനി വരാനിരിക്കുന്നത്. ‌ഉപതിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ നേരിയ അങ്കലാപ്പ് നേതാക്കൾക്കുണ്ടായിട്ടുണ്ടെങ്കിലും പോരിന് തയ്യാറാണെന്ന് ഇരുമുന്നണികളും പ്രഖ്യാപിച്ചുകഴിഞ്ഞു. വിശ്വാസരാഷ്ട്രീയത്തിന്റെ മുനകൂർപ്പിച്ച് ബി.ജെ.പി. രംഗത്തിറങ്ങിയ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഒട്ടും ആശയക്കുഴപ്പമില്ലാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായി എന്നതാണ് കോൺഗ്രസിനുള്ള നേട്ടം. ഉമ്മൻചാണ്ടിയെന്ന വികാരവും സർക്കാരിനെതിരേ ഉയർത്തുന്ന ആരോപണങ്ങളുമാണ് യു.ഡി.എഫിന്റെ ആവനാഴിയിലെ അസ്ത്രങ്ങൾ. പി.ടി. തോമസിന്റെ മരണത്തെത്തുടർന്നുനടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പുലർത്തിയ ജാഗ്രതയും ഐക്യവും പുതുപ്പള്ളിയിലേക്കും യു.ഡി.എഫ്. പറിച്ചുനടും. വിലക്കയറ്റം, നികുതിഭാരം തുടങ്ങി പോലീസിന്റെ വീഴ്ചവരെയുള്ളവ സർക്കാരിന്റെ കുറ്റപത്രമാക്കി അവതരിപ്പിക്കും. ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനിച്ചകാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്ക് ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ബുധനാഴ്ചമുതൽ ചാണ്ടി ഉമ്മൻ പ്രചാരണരംഗത്തുണ്ടാകുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ ന്യൂഡൽഹിയിൽ വ്യക്തമാക്കി. പ്രചാരണത്തിന് വലിയസംഘത്തെ അടുത്തദിവസംതന്നെ നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭരണകക്ഷിയെന്ന പരിമിതിയും നേട്ടവും എൽ.ഡി.എഫിനുണ്ട്. പ്രതിപക്ഷ ആരോപണങ്ങളിൽ കുലുങ്ങാതെ നിൽക്കുന്ന സർക്കാരിന്റെ കരുത്താണ് എൽ.ഡി.എഫിന്റെ ശക്തി. അതേസമയം, അപ്രതീക്ഷിതമായ ഘട്ടത്തിലെത്തിയ തിരഞ്ഞെടുപ്പ് ജനപ്രിയപ്രഖ്യാപനങ്ങളൊന്നും നടത്താനാകാത്തവിധം സർക്കാരിനെ വീർപ്പുമുട്ടിച്ചിട്ടുണ്ട്. ഓണക്കിറ്റ് നൽകുന്നതിനുപോലും തീരുമാനമെടുത്തിട്ടില്ല. എന്നാൽ, പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിൽ സംഘടനാമികവ് പുലർത്താൻ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളിൽ ആറും എൽ.ഡി.എഫിനൊപ്പം നിൽക്കുന്നതിനാൽ രാഷ്ട്രീയപ്പോരിൽ ജയിച്ചുകയറാമെന്ന ആത്മവിശ്വാസമാണ് നേതാക്കൾക്ക്. വികസനമാണ് പുതുപ്പള്ളിയിലും പ്രചാരണവിഷയമെന്ന് എൽ.ഡി.എഫ്. പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ, തൃക്കാക്കരയിൽ സിൽവർലൈനിലുണ്ടായപോലെ വികസനചർച്ച ഏതെങ്കിലും പദ്ധതിയിലേക്ക് മാത്രമായി ചുരുങ്ങുന്ന രാഷ്ട്രീയസാഹചര്യം ഇപ്പോഴില്ല. സംസ്ഥാനസമിതി യോഗത്തിന്റെ അംഗീകാരത്തിനുശേഷമാകും സി.പി.എം. സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ജയമല്ല, സ്വാധീനം ഉറപ്പാക്കുകയാണ് പുതുപ്പള്ളിയിൽ ബി.ജെ.പി.യുടെ ലക്ഷ്യം. ഇതുവരെ പുതുപ്പള്ളിയുടെ ഔദ്യോഗിക ചർച്ചയിലേക്കൊന്നും ബി.ജെ.പി. കടന്നിട്ടില്ല. എന്നാൽ, മിത്ത് വിവാദത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എതിരെ ഒരേപോലെ ആരോപണങ്ങളുയർത്തി രാഷ്ട്രീയക്കളം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. ഉപതിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന കണക്കുകൂട്ടൽ ഒരുകക്ഷിക്കുമില്ല. എന്നാൽ, പ്രചാരണത്തിൽ അതിനുള്ള ട്രയൽ റണ്ണാകും പുതുപ്പള്ളി എന്നത് ഉറപ്പാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സാധ്യതയുണ്ട്. ഈ മാസം 24 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. പിന്നാലെ ഓണവുമാണ്. അതിനാൽ, പ്രചാരണത്തിന് വേണ്ടത്ര സമയം ലഭിക്കില്ലെന്ന അഭിപ്രായം എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും നേതാക്കൾക്കുണ്ട്. ബുധനാഴ്ച നിയമസഭ കാര്യോപദേശക സമിതി യോഗം ചേരുന്നുണ്ട്. ഇതിൽ തീരുമാനമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!