അനിൽ ആന്റണി പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥിയാകുമോ?: ആരെയും പ്രതീക്ഷിക്കാമെന്ന് സുരേന്ദ്രൻ

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പുതുപ്പള്ളിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറിയുമായ അനിൽ ആന്റണിയെ സ്ഥാനാർഥിയായി പ്രതീക്ഷിക്കാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നിങ്ങൾക്ക് ആരെ വേണമെങ്കിലും പ്രതീക്ഷിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മറുപടി. ‘‘പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കം ബിജെപി ആരംഭിച്ചുകഴിഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാർട്ടിയുടെ അന്തിമ സ്ഥാനാർഥിയെ സംബന്ധിച്ച് തീരുമാനമാകും. ശക്തമായിട്ടുള്ള പ്രചാരണവും നല്ല മത്സരവും നടത്താൻ സാധിക്കുന്ന തരത്തിൽ മുന്നോട്ടുപോകാനാണ് തീരുമാനം. പാർട്ടിയുടെ കോർ ഗ്രൂപ്പ് യോഗവും എൻഡിഎ യോഗവും 12ന് തൃശൂരിൽ ചേരും. അന്തിമമായ സ്ഥാനാർഥി പട്ടിക 12–ാം തീയതി വൈകിട്ടോടെ പുറത്തിറക്കും. അവിടെ നിങ്ങൾക്ക് ആരെ വേണമെങ്കിലും പ്രതീക്ഷിക്കാം. ഞങ്ങൾ എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണ്. അന്തിമമായ സ്ഥാനാർഥിക പട്ടിക പുറത്തുവരുമ്പോൾ വ്യക്തമായ ചിത്രം ലഭിക്കും’’ – സുരേന്ദ്രൻ പറഞ്ഞു. സ്ഥാനാർഥി നിർണയത്തിനു മുൻപില്ലാത്തവിധം വേഗം; പ്രഫഷനലിസം: ആ മൂന്നു മണിക്കൂറിൽ സംഭവിച്ചത്… ∙ മാസപ്പടി ഏതു സഹായത്തിനുള്ള പ്രത്യുപകാരം?: കെ.സുരേന്ദ്രൻ കരിമണൽ ഖനനം നടത്തുന്ന കമ്പനി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് മാസപ്പടി നൽകിയത് ഏതു സഹായത്തിനുള്ള പ്രത്യുപകാരമാണെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. ഈ കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവും തമ്മിലുള്ള ഡീൽ എന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഇതു സംബന്ധിച്ച് വിശദീകരണം നൽകാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമോ എന്നു വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘‘മുഖ്യമന്ത്രിയുടെ മകൾ കരിമണൽ ഖനനം നടത്തുന്ന ഒരു കമ്പനിയിൽനിന്ന് മാസപ്പടിയായി കോടിക്കണക്കിന് രൂപ വാങ്ങി എന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന ഒരു വാർത്തയാണിത്. എന്തിനാണ് മുഖ്യമന്ത്രിയുടെ മകൾ കരിമണൽ ഖനന കമ്പനിയിൽനിന്ന് കോടിക്കണക്കിന് രൂപ മാസപ്പടിയായി വാങ്ങിയത്. എന്ത് ഡീലാണ് ഈ കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവും തമ്മിലുള്ളത്? ഏത് ആവശ്യത്തിനാണ് മുഖ്യമന്ത്രിയുടെ മകൾക്ക് കരിമണൽ ഖനനം നടത്തുന്ന കമ്പനി പണം നൽകിയത്? എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് ഈ കമ്പനിയിൽനിന്ന് 1.72 കോടി രൂപ മാസപ്പടി പറ്റാനായത്? കേരളം വിശദീകരണം ആഗ്രഹിക്കുന്ന ചോദ്യങ്ങളാണിത്. മുഖ്യമന്ത്രിയിൽനിന്ന് ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങൾ മറുപടി പ്രതീക്ഷിക്കുന്നു.’’ ‘‘ഏതു കരാറിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയത്? എന്ത് സഹായമാണ് ഈ കമ്പനിക്ക് മുഖ്യമന്ത്രി അനധികൃതമായി നൽകിയിട്ടുള്ളത്? ഏതു കാര്യത്തിനുള്ള പ്രത്യുപകാരമായാണ് കമ്പനി മാസപ്പടി നൽകിയത്? മാസപ്പടിയായി ബാങ്ക് വഴി നൽകിയ പണം മാത്രമാണോ നൽകിയിട്ടുള്ളത്? അതിനു പുറമേയുള്ള എന്തെങ്കിലും സഹായമോ പണമോ കമ്പനി നൽകിയിട്ടുണ്ടോ? ഇത്തരത്തിൽ നിരവധി സംശയങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. ഈ സംശയങ്ങൾ ദുരീകരിക്കാനുള്ള ബാധ്യത ഒരു ജനാധിപത്യ വ്യവസ്ഥയിൽ മുഖ്യമന്ത്രിക്കുണ്ട്. സിപിഎം സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഇതു സംബന്ധിച്ച് വിശദീകരണം നൽകാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമോ എന്നും വ്യക്തമാക്കണം. ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ വരെ ചുമത്തപ്പെടാൻ സാധ്യതയുള്ള ഒരു സംഭവമാണ് പുറത്തുവന്നത്.’’ ‘‘ഞങ്ങൾ നിയമസഭയിൽ ഇല്ലല്ലോ. വി.ഡി.സതീശൻ എന്തോ വലിയ കാര്യം കണ്ടുപിടിച്ച മട്ടിലാണ് ഇക്കാര്യം പറയുന്നത്. സഭയിൽ അംഗങ്ങൾ ഉള്ള യുഡിഎഫ് എന്താണ് ചെയ്യുന്നത്? പിണറായി വിജയന്റെ ബി ടീമല്ലേ വി.ഡി.സതീശനും സംഘവും? ഇവിടെ സമാന്തര പ്രതിപക്ഷമല്ലേ ഉള്ളത്? എല്ലാക്കാര്യങ്ങളും പരസ്പരം പറഞ്ഞ് പരിഹരിക്കുകയല്ലേ ഇവർ ചെയ്യുന്നത്? പിണറായി വിജയന്റെ സഹമന്ത്രിയെപ്പോലെയാണ് സതീശൻ പെരുമാറുന്നത്. വി.ഡി.സതീശൻ പ്രതിപക്ഷ നേതാവല്ല, ഭരണപക്ഷ നേതാവാണ്. പിണറായി വിജയന്റെ ആനുകൂല്യത്തിലല്ലേ സതീശൻ കഴിയുന്നത്. നിങ്ങളുടെ പുനർജനി തട്ടിപ്പിന്റെ എല്ലാ വിവരങ്ങളും ഫയലിലാക്കി പിണറായി വിജയൻ സൂക്ഷിച്ചു വച്ചിരിക്കുകയല്ലേ? അതുകൊണ്ടല്ലേ നിയമസഭയിൽ ഷംസീറിനെതിരെ പ്രതികരിക്കാത്തത്? സതീശന്റെ ചാരിത്ര്യ പ്രസംഗം ഞങ്ങളോടു വേണ്ട’’ – സുരേന്ദ്രൻ പറഞ്ഞു.

