KSDLIVENEWS

Real news for everyone

യുപി തെരഞ്ഞെടുപ്പ്: ബിജെപി പന്ന പ്രമുഖ് പട്ടികയില്‍ മുഖ്യമന്ത്രി യോഗിയും

SHARE THIS ON

ലക്‌നോ| വരാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. 50 ലക്ഷം പ്രവര്‍ത്തകരെ പന്ന പ്രമുഖ് പട്ടികയില്‍ ഉള്‍പ്പെടുത്തി താഴേത്തട്ടില്‍ പ്രചാരണം ശക്തിപ്പെടുത്തും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പന്ന പ്രമുഖ് പട്ടികയില്‍ ഉള്‍പ്പെടുന്നതായി ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. ജനങ്ങളെ നേരില്‍ കണ്ട് വോട്ടുകള്‍ ഉറപ്പിക്കുന്ന ചുമതലയാണ് പന്ന പ്രമുഖിനുള്ളത്.

2007ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ അമിത് ഷായാണ് പന്ന പ്രമുഖ് എന്ന ആശയത്തിന് തുടക്കമിട്ടത്. സൂക്ഷ്മതലത്തില്‍ കൃത്യമായ പ്രവര്‍ത്തനത്തിന് പ്രവര്‍ത്തകരെ ഈ പദവി നല്‍കി സജ്ജമാക്കുകയാണ് ചെയ്യുന്നത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും 2017ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ പ്രവര്‍ത്തനരീതി ലക്ഷ്യംകണ്ടിരുന്നു.

2012ല്‍ ബി.ജെ.പിക്ക് യു.പിയില്‍ 47 സീറ്റുകള്‍ മാത്രമായിരുന്നു നേടാന്‍ സാധിച്ചത്. എന്നാല്‍, 2017ല്‍ ആകെയുള്ള 403 സീറ്റില്‍ 325ഉം നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 80ല്‍ 71 സീറ്റും നേടി. 2019ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച്‌ നിന്ന് നേരിട്ടെങ്കിലും ബി.ജെ.പിക്ക് 64 സീറ്റ് നേടാനായി. ഒരു പന്ന പ്രമുഖ് 27 മുതല്‍ 60 വരെ ആളുകളെ സ്വാധീനിച്ച്‌ വോട്ട് ഉറപ്പിക്കണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദേശം.

ഖൊരക്പൂറിലെ 246-ാം നമ്ബര്‍ ബൂത്തിലെ പന്ന പ്രമുഖായാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയോഗിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ് രാജിലെ 254-ാം ബൂത്തിലെ പന്ന പ്രമുഖാണ്. ബി.ജെ.പി അധ്യക്ഷന്‍, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം പന്ന പ്രമുഖ് പട്ടികയിലുണ്ട്. പന്ന പ്രമുഖുമാര്‍ക്ക് പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ അത്ര തന്നെ ഉത്തരവാദിത്തമുണ്ടെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലക്്‌നോവിലെത്തിയപ്പോള്‍ പ്രസംഗിച്ചിരുന്നത്.

കേരളമടക്കം ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത അഞ്ച് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ ‘പന്ന പ്രമുഖുകളെ’ നിയമിക്കാനൊരുങ്ങിയതായി ബി.ജെ.പി ദേശീയ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. പ്രാദേശിക തലത്തില്‍ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനാണ് പന്ന പ്രമുഖുകളെ നിയമിക്കുന്നത്. കേരളം, തമിഴ്നാട്, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പന്ന പ്രമുഖുകളെ നിയമിക്കുന്നത്. 2022 ഏപ്രിലാകുമ്ബോഴേക്കും എല്ലാ ബൂത്തുകളിലും പന്ന കമ്മറ്റികള്‍ നിലവില്‍ വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!