KSDLIVENEWS

Real news for everyone

ഷെബിനയുടെ മരണം: ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍, സ്ത്രീധനനിരോധന നിയമം അടക്കം ചുമത്തി

SHARE THIS ON

കോഴിക്കോട്: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയിലെ ഷെബിനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍. ഷെബിനയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതൃസഹോദരനായ കുന്നുമ്മക്കര താഴെ പുതിയോട്ടില്‍ ഹനീഫയെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, അടിച്ച് പരിക്കേല്‍പ്പിക്കല്‍, സ്ത്രീധന നിരോധനനിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹനീഫ ഷെബിനയെ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച രാത്രിയോടെ ഹനീഫയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുന്നുമ്മക്കര തട്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷെബിന(30)യെ തിങ്കളാഴ്ച രാത്രിയാണ് ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. മരിക്കുന്നതിന് കുറച്ചുമുമ്പ് ഭര്‍ത്താവിന്റെ ബന്ധു ഷെബിനയെ മര്‍ദിച്ചിരുന്നെന്നും അതിനുശേഷം മുറിക്കുള്ളില്‍പ്പോയ ഷെബിന പുറത്തുവരാതിരുന്നിട്ടും വീട്ടുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി. ഷെബിനയുടെ ഭര്‍ത്താവ് ഹബീബ് വിദേശത്താണ്. ഭര്‍ത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഇതേത്തുടര്‍ന്ന് ഷെബിന വീടുമാറാന്‍ തീരുമാനിക്കുകയും വിവാഹസമയത്ത് നല്‍കിയ സ്വര്‍ണം തിരികെ ആവശ്യപ്പെടുകയും ചെയ്തു.ഇതിന്റെപേരിലാണ് തിങ്കളാഴ്ച തര്‍ക്കം നടന്നത്. ഭര്‍ത്താവിന്റെ മാതാവും പിതാവും സഹോദരിയും മാതാവിന്റെ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ മാതാവിന്റെ സഹോദരനായ ഹനീഫ കൈയോങ്ങിക്കൊണ്ട് ഷെബിനയ്ക്ക് നേരേ പോകുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. ഇതിനുപിന്നാലെയാണ് ഷെബിന മുറിയില്‍ക്കയറി വാതിലടച്ചത്. അകത്തുനിന്നും ശബ്ദംകേട്ടപ്പോള്‍ പത്തുവയസ്സുകാരി മകള്‍ ഇക്കാര്യം ബന്ധുക്കളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ആരും വാതില്‍തുറക്കാന്‍ ശ്രമിച്ചില്ല. വീട്ടില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ഷെബിനയുടെ ഭര്‍ത്താവ് വിദേശത്തുനിന്ന് വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അരൂരില്‍നിന്ന് കുന്നുമ്മക്കരയില്‍ എത്തിയശേഷമാണ് വാതില്‍ ചവിട്ടിത്തുറന്നത്. അപ്പോഴേക്കും ഷെബിന മരിച്ചിരുന്നു. കൊലപാതകത്തിനു തുല്യമായ അനാസ്ഥയാണ് വീട്ടുകാര്‍ കാണിച്ചതെന്നാണ് ഷെബിനയുടെ ബന്ധുക്കളുടെ ആരോപണം. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!