സമസ്തയ്ക്ക് നിലപാടെടുക്കാം; പ്രക്ഷോഭത്തില്‍ നിന്നും പിന്നോട്ടില്ല: എം.കെ.മുനീര്‍

കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന സമസ്തയുടെ നിലപാട് സ്വാഗതം ചെയ്ത് മുസ‌്‌ലിം ലീഗ്. സമസ്തയ്ക്ക് അവരുടേതായ നിലപാടുമായി മുന്നോട്ടു പോകാം. സ്വതന്ത്ര നിലപാടുമായി മുന്നോട്ടുപോകാൻ സമസ്തയെ ലീഗ് പിന്തുണയ്ക്കുമെന്നും എം.കെ.മുനീര്‍ എംഎല്‍എ വ്യക്തമാക്കി.
വഖഫ് നിയമനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍നിന്നു ലീഗ് പിന്നോട്ടില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവർത്തകരോടു പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള തന്ത്രപരമായ സമീപനമായി ഇതിനെ കാണണമെന്നുമായിരുന്നു സമസ്തയുടെ പ്രഖ്യാപനം.
മതവിശ്വാസികള്‍ അടക്കമുള്ളവരെ ഉള്‍ക്കൊള്ളുന്ന മുന്നണിയാണ് എല്‍ഡിഎഫ്. കമ്യൂണിസ്റ്റുകാരില്‍തന്നെ മതവിശ്വാസികള്‍ ഉണ്ടെന്നും സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കിയിരുന്നു.

