കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഇരട്ട സംവരണം; ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്ത ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നത്.
ഇരട്ടസംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് മുന്നോക്ക സമുദായ ഐക്യമുന്നണി, സമസ്ത നായര്‍ സമാജം സംഘടനകള്‍ അടക്കമാണ് സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റത്തിലൂടെയല്ല, പ്രത്യേക പരീക്ഷയിലൂടെയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിയമനം നല്‍കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
ഇരട്ട സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി നിലപാടെടുത്തു.

