ജില്ലയിൽ കോവിഡ് ബാധിത മേഖലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

കാസർകോട്∙ കോവിഡ് ബാധിതർ ഏറെയുള്ള പ്രദേശങ്ങൾ കണ്ടെത്തി നിയന്ത്രണങ്ങൾ അതതു മേഖലകളിൽ മാത്രമായി നിജപ്പെടുത്താനും അതിനായി പരിശോധന നടത്താനും കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് ബാധിതർ കുറയുന്ന സാഹചര്യത്തിൽ ഈ പരിശോധനാ രീതി കൂടുതൽ ഫലപ്രദമാകുമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച കലക്ടർ ഡി.സജിത്ത്ബാബു പറഞ്ഞു. 8 ആരോഗ്യ ബ്ലോക്കുകളിലായി 777 വാർഡുകളാണുള്ളത്. ഒരു ദിവസം 55 വാർഡുകളിലായി 4125 പേർക്ക് കോവിഡ് പരിശോധന നടത്തും. 14 ദിവസം കഴിഞ്ഞ് വാർഡിൽ വീണ്ടും കോവിഡ് പരിശോധന നടത്താനും യോഗം തീരുമാനിച്ചു. ജനങ്ങളുമായി കൂടുതൽ ഇടപഴകുന്നവർക്കു മുൻഗണന നൽകി പ്രതിദിനം ജില്ലയിലെ ഒരു വാർഡിൽ 75 പേർക്ക് വീതം ഒരു ദിവസം 55 വാർഡുകളിൽ കോവിഡ് പരിശോധന നടത്തും. പൊലീസ്, ഓട്ടോറിക്ഷ ഡ്രൈവർമാർ, ബസ് ജീവനക്കാർ, കടയുടമകൾ കടകളിലെയും ഫാക്ടറികളിലേയും വ്യവസായ-വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാർ എന്നിവരും സർക്കാർ ജീവനക്കാർ ഉൾപ്പെടെ ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളിലെയും ഓഫിസുകളിലെയും ജീവനക്കാരും പരിശോധന നടത്തണം. പരിശോധനയുമായി സഹകരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് , സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർക്കാൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറോട് നിർദേശം നൽകി. വാക്സിനേഷൻ വിപുലമാക്കും. ജില്ലയിലെ വയോജന കേന്ദ്രങ്ങളിൽ വാക്സിനേഷൻ പൂർത്തിയാക്കി. ഭിന്നശേഷിക്കാർ, കിടപ്പ് രോഗികൾ, സാന്ത്വനപരിചരണം നൽകുന്ന രോഗികൾ എന്നിവർക്ക് വീടുകളിലെത്തി വാക്സിനേഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പൊലീസ് സെക്ടറൽ മജിസ്ട്രേട്ടുമാരും നടത്തുന്ന പരിശോധന ഊർജിതമാക്കും. 533പേർ പോസിറ്റീവ് കാസർകോട് ∙ ജില്ലയിൽ 533 പേർ കൂടി കോവിഡ് സ്ഥിരീകരിച്ചു. 456 പേർ നെഗറ്റീവായി. 3831പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ജില്ലയിൽ 173 ആയി. 21356 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 670 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 75691 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതിൽ 71266 പേർക്ക് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.8 %.

