KSDLIVENEWS

Real news for everyone

റാണിപുരത്തിന്റെ സൗന്ദര്യം ആസ്വദിക്കാം; നിബന്ധനകൾ ഇങ്ങനെ

SHARE THIS ON


രാജപുരം ∙ റാണിപുരം വിനോദ സഞ്ചാര കേന്ദ്രം ഇന്നലെ ‌സഞ്ചാരികൾക്കായി തുറന്നു കൊ‌ടുത്തു. കോവിഡ് നിയന്ത്രണങ്ങളെ തു‌ടർന്നു കഴിഞ്ഞ 4 മാസമായി കേന്ദ്രം അടഞ്ഞു കിടക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു സന്ദർശകർക്കു വനത്തിലേക്കു പ്രവേശനം. ചാറ്റൽ മഴയും കോട മഞ്ഞുമാണു റാണിപുരത്തെ മഴക്കാലത്ത് ഏറെ ആകർഷകമാക്കുന്നത്. ജൂലൈ മുതൽ 3 മാസക്കാലം റാണിപുരത്തെ മലമുകളിലെ പുൽമേട്ടിൽ ദൃശ്യഭംഗി കൂടുതലാണ്. കൂടുതൽ സൗകര്യങ്ങളൊരുക്കി സഞ്ചാരികളെ ആകർഷിക്കാനുള്ള തയാറെടുപ്പിലാണു വനംവകുപ്പ്.

വനംവകുപ്പ് പനത്തടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ടി.പ്രഭാകരന്റെ നേതൃത്വത്തിൽ വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ, സെക്രട്ടറി ആർ.കെ.രാഹുൽ, ബിഎഫ്ഒ ടി.എം.സിനി എന്നിവർ രാവിലെ സഞ്ചാരികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്താൻ മലമുകളിലെ പുൽമേട്ടിലെത്തി. തുടർന്നു നടന്ന അവലോകന യോഗത്തിൽ വനസംരക്ഷണ സമിതി നിർവാഹക സമിതി അംഗങ്ങളായ എം.ബാലു, എം.കെ.സുരേഷ്, പി.കൃഷ്ണകുമാർ, എം.ബാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.


പ്രവേശനം: നിബന്ധനകൾ ഇങ്ങനെ

രണ്ടാഴ്ച മുൻപ് കുറഞ്ഞത് ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചവർ, അല്ലെങ്കിൽ 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, കോവിഡ് പോസിറ്റീവായി ഒരു മാസം പൂർത്തിയായവർ എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്കു മാത്രമാണു പ്രവേശനം. കോവിഡ് വാക്സീൻ എടുക്കാത്ത കുട്ടികൾക്കു മുകളിൽ പറഞ്ഞ സർട്ടിഫിക്കറ്റ് കൈവശമുള്ള മുതിർന്നവർക്കൊപ്പം ട്രക്കിങ് അനുവദിക്കും. സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ ദിവസങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!