KSDLIVENEWS

Real news for everyone

ഇ-ബുള്‍ജെറ്റ്‌ സഹോദരങ്ങള്‍ക്ക്‌ ജാമ്യം; 7000 രൂപ പിഴ, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

SHARE THIS ON

കണ്ണൂർ > ആർടി ഓഫീസിൽ അതിക്രമം നടത്തിയതിന്‌ റിമാൻഡിലായ യൂട്യൂബർമാർക്ക്‌ ജാമ്യം. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ്‌ ജാമ്യം നൽകിയത്‌. ഇരുവരും 3500 വീതം കെട്ടിവെക്കണം. എല്ലാ ബുധനാഴ്‌ചകളിലും അന്വേഷണ ഇദ്യോഗസ്ഥന്‌ മുന്നിൽ ഹാജരാകണം എ്ന്നീ വ്യവസ്ഥകളിലാണ്‌ ജാമ്യം അനുവദിച്ചത്‌. ഇവരുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. ആർസി ഉടമയ്ക്ക് മോട്ടോര്‍ കാണിക്കല്‍ നോട്ടിസ് നൽകും. ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കാൻ ഗതാഗത കമ്മിഷണറും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ്‌ ഇവരുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കിയത്‌. അപകടകരമായ രീതിയൽ വാഹനമോടിച്ചതിനും റോഡ്‌ നിയമങ്ങളുടെ ലംഘനത്തിനുമാണ്‌ നെപ്പോളിയൻ എന്ന്‌ പേരിട്ടിരിക്കുന്ന വാഹനത്തിനെതിരെ നടപടിയെടുത്തത്‌. വ്ലോഗർമാർ അപ്‌ലോ‍ഡ് ചെയ്ത ചില വീഡിയോകൾ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണെന്ന്‌ പൊലീസ്‌ നേരത്തെ കണ്ടെത്തിയിരുന്നു. ഇവർ ഇതുവരെ അപ്പ്‌ലോഡ്‌ ചെയ്‌ത വീഡിയോകൾ മുഴുവൻ പരിശോധിക്കേണ്ടതിനാൽ അവ ഡിലീറ്റ്‌ ചെയ്യാതിരിക്കാൻ യൂട്യൂബിന്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌. വ്ലോഗർമാർക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി വീഡിയോകൾ ഫ്രീസ്‌ ചെയ്യും. ബിഹാറിലെ റോഡില്‍കൂടി ആംബുലന്‍സുകള്‍ക്ക് സമാനമായ സൈറണ്‍ മുഴക്കി അമിത വേഗത്തില്‍ പോകുന്ന വീഡിയോ പരിശോധിക്കുമെന്നും കണ്ണൂർ സിറ്റി പോലീസ്‌ കമ്മിഷണർ ആർ ഇളങ്കോ അറിയിച്ചു. സൈറണ്‍ ശബ്ദം കേട്ട് പൊലീസ് വാഹനമടക്കം ഇവര്‍ക്ക് വഴിമാറികൊടുക്കുന്നതും, ആംബുലന്‍സ് ആണെന്ന് തെറ്റിധരിച്ച് ടോള്‍ ബൂത്തില്‍ പണം നല്‍കാതെ കടന്നുപോകുന്നതും വീഡിയോയില്‍ കാണാം. വാൻ ലൈഫ് യാത്രകൾ നടത്തി യൂട്യൂബിൽ വിഡിയോ പങ്കുവെക്കുന്ന ഇ‐ബുൾ ജെറ്റ് വ്ലോഗർമാരുടെ ട്രാവലർ കഴിഞ്ഞ ദിവസമാണ് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. എംവിഡി ഓഫീസിൽ എത്താൻ ഇരുവർക്കും നോട്ടീസും നൽകിയിരുന്നു. വാഹനം കസ്റ്റഡിയിലെടുത്ത വിവരം യൂടൂബിലൂടെ പങ്കുവെച്ച ഇവർ എംവിഡി ഓഫീസിലേക്ക് വരാൻ ആരാധകരോട്‌ ആഹ്വാനം ചെയ്യുകയായിരുന്നു. തുടർന്ന്‌ എംവിഡി ഓഫീസിൽ എത്തിയ ഇവർ ബഹളം വെക്കുകയായിരുന്നു. എൻഫോഴ്സ്മെന്റ്‌ ആർടിഒ പ്രമോദ് കുമാറിന്റെ പരാതിയിൽ കേസെടുത്ത കണ്ണൂർ ടൗണ്‍ പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കൊവിഡ് മാനദണ്ഡം ലംഘിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇവരുടെ അറസ്റ്റിനെ തുടർന്ന് പൊലീസ്‌ സ്‌റ്റേഷന്‌ മുന്നിൽ തടിച്ചുകൂടിയ 17 പേർക്കെതിരെയും കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ചതിന്‌ കേസെടുത്തിട്ടുണ്ട്‌. ഇതിനിടെ കോടതി റിമാൻഡ്‌ ചെയ്‌ത സഹോദരങ്ങൾ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ജാമ്യഹർജി നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!