KSDLIVENEWS

Real news for everyone

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ LDF സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം തള്ളി CPM

SHARE THIS ON

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവ് നിബു ജോണിനെ പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന അഭ്യൂഹം തള്ളി സി.പി.എം. നിബു ജോണുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകാന്‍ കരുത്തും പ്രാപ്തിയും സ്വാധീനവുമുള്ള നിരവധി ആളുകള്‍ സി.പി.എമ്മില്‍ തന്നെയുണ്ടെന്നും മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന കാര്യം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും വാസവന്‍ വിശദീകരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ സിപിഎം സ്ഥാനാര്‍ഥിയാക്കുമെന്ന പ്രചാരണം കോണ്‍ഗ്രസ് തന്നെ മനപൂര്‍വം സൃഷ്ടിച്ചതാണോ എന്ന ചോദ്യത്തിന് ദുഷ്ടലാക്ക് ആര്‍ക്കെങ്കിലും കാണുമെന്നും വാസവന്‍ മറുപടി നല്‍കി. പുതുപ്പള്ളിയില്‍ കുടുംബ വാഴ്ചയെന്ന ആക്ഷേപങ്ങള്‍ നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നു. അതിന്റെ ബാക്കിപത്രമായി പല രൂപത്തിലുള്ള അസംതൃപ്തികളും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടാകും. അതിനൊന്നും സിപിഎമ്മിന് മറുപടി പറയാന്‍ പറ്റില്ലെന്നും വാസവന്‍ വ്യക്തമാക്കി. സിപിഎം സ്ഥിരമായി മത്സരിക്കുന്ന സീറ്റില്‍ ഇത്തവണ കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷന്‍ അംഗം കൂടിയായ നിബു ജോണിനെ മത്സരിപ്പിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് സിപിഎം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!