KSDLIVENEWS

Real news for everyone

‘ഹരിത’യുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അറസ്റ്റില്‍

SHARE THIS ON

കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ പി.കെ. നവാസ് അറസ്റ്റിൽ. എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷനാണ് നവാസ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനിൽ പോലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് എത്തിയത്. മൊഴി നൽകാനും വിശദാംശങ്ങൾ നൽകാനുമാണ് വിളിപ്പിച്ചതെന്നാണ് ചോദ്യംചെയ്യലിന് കയറും മുൻപേ നവാസ് മാധ്യമങ്ങളോട് പറഞ്ഞത്.

മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്റ്റേഷനിൽനിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് നവാസിനുമേൽ ചുമത്തിയിരിക്കുന്നത്. ജാമ്യത്തിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. നവാസിനൊപ്പം സ്റ്റേഷനിലെത്തിയ എം.എസ്.എഫ്. സംസ്ഥാന ട്രഷറർ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ ഇതിനുള്ള നടപടികളിലേക്ക് കടക്കുകയാണ്.

നേരത്തെ ഹരിതയിലെ പത്ത് അംഗങ്ങൾ ലൈംഗിക അധിക്ഷേപ പരാതി വനിതാ കമ്മിഷന് നൽകിയിരുന്നു. ഈ പരാതി പിന്നീട് പോലീസിന് കൈമാറുകയും നിയമനടപടികളിലേക്ക് കടക്കുകയുമായിരുന്നു. ഈ പരാതിക്കാരായ പെൺകുട്ടികളെ ചെമ്മങ്ങാട് സ്റ്റേഷനിൽ വിളിക്കുകയും അവരിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകാൻ പെൺകുട്ടികൾ തീരുമാനിച്ചതിനു പിന്നാലെയാണ് നവാസിന്റെ അറസ്റ്റിലേക്ക് കടക്കുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് നവാസിനു മേൽ ചുമത്തിയിരിക്കുന്നത്. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി പോലീസിന് കൂടുതൽ ആളുകളിൽനിന്ന് മൊഴി രേഖപ്പെടുത്തുകയും തെളിവ് ശേഖരിക്കേണ്ടതുമുണ്ട്. ജൂൺ 22-ന് നടന്ന യോഗത്തിലാണ് അധിക്ഷേപ പരാമർശമുണ്ടായതായി പരാതിയിൽ പറയുന്നത്. ഈ യോഗത്തിന്റെ മിനുട്ട്സും മറ്റ് വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.Ad

നേതൃത്വത്തിനെതിരേ വനിതാകമ്മിഷനെ സമീപിച്ചതിനു പിന്നാലെ നിലവിലെ സംസ്ഥാനകമ്മിറ്റിയെ മുസ്ലിം ലീഗ് ഉന്നതാധികാരസമിതിയോഗം കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ബുധനാഴ്ച മലപ്പുറം ലീഗ് ഹൗസിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. കടുത്ത അച്ചടക്കലംഘനം നടത്തിയതിന്റെ പേരിലാണ് പിരിച്ചുവിടുന്നതെന്ന് തീരുമാനമറിയിച്ച മുസ്ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!